CT 2025: ന്യുസിലാൻഡിനെ ആരും വില കുറച്ച് കാണരുത്, അവന്മാർ അടുത്ത ടൂർണമെന്റിൽ പകരം വീട്ടും: റിക്കി പോണ്ടിങ്

ഐസിസി ചാമ്പ്യൻസ് ട്രോഫി ഇന്ത്യ സ്വന്തമാക്കിയിരുന്നു. ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയർത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ്, ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 252 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 2024 ടി 20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യ ഒരു വർഷത്തിനിടെ സ്വന്തമാക്കുന്ന രണ്ടാം ഐസിസി ട്രോഫി വിജയം കൂടിയാണ് ഇത്.

ഫൈനൽ മത്സരത്തിൽ കൂറ്റൻ സ്കോർ ഉയർത്താൻ ന്യുസിലാൻഡിന് സാധിച്ചില്ല. അതായിരുന്നു മത്സരം കിവികളുടെ കൈയിൽ നിന്ന് പോകാൻ കാരണം. 2021 ലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് അല്ലാതെ വൈറ്റ് ബോൾ ടൂർണമെന്റിൽ ന്യുസിലാൻഡ് കപ്പ് ജേതാക്കളായിട്ട് നാളുകൾ ഏറെയായി. എന്നാൽ അടുത്ത ലോകകപ്പിൽ ന്യുസിലാൻഡ് കപ്പ് ജേതാക്കളാകും എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ താരം റിക്കി പോണ്ടിങ്.

റിക്കി പോണ്ടിങ് പറയുന്നത് ഇങ്ങനെ:

” ഫൈനലിലും അവർ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്, എതിരാളി ഇന്ത്യയായത് കൊണ്ടും അന്നത്തെ ദിവസത്തെ ആനുകൂല്യങ്ങൾ ഇന്ത്യയ്ക്കായത് കൊണ്ടും കിവികൾ തോറ്റു, എന്നാൽ അധികം വൈകാതെ ഏത് കരുത്തുറ്റ ടീമിനെയും തോൽപ്പിച്ച് അവർ കിരീടം നേടും” റിക്കി പോണ്ടിങ് പറഞ്ഞു.

ചാമ്പ്യൻസ് ട്രോഫി അവസാനിച്ചതിന് ശേഷം ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത് ഐപിഎൽ തുടങ്ങാൻ വേണ്ടിയാണ്. ആദ്യ മത്സരം മാർച്ച് 22 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് നടക്കുക.