ചാമ്പ്യൻസ് ട്രോഫി 2025 ലെ ആദ്യ ഫൈനലിസ്റ്റുകളായി മാറിയിരിക്കുകയാണ് ഇന്ത്യ. ഓസ്‌ട്രേലിയക്കെതിരെ 4 വിക്കറ്റിന് വിജയിച്ച് ഫൈനൽ ടിക്കറ്റ് സ്വന്തമാക്കിയതോടെ 2023 ഏകദിന ലോകകപ്പ് ഫൈനലിൽ തോല്പിച്ചതിന്റെ മറുപടി രണ്ട് വർഷത്തിന് ശേഷം ഇന്ത്യ വീട്ടിയ സന്തോഷത്തിലാണ് ആരാധകർ. മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ മികവിലാണ് ഓസ്‌ട്രേലിയയുടെ 265 റൺസ് ഇന്ത്യ മറികടന്നത്.
ഇന്ത്യക്ക് വേണ്ടി വിരാട് കോഹ്ലി 98 പന്തിൽ 5 ബൗണ്ടറികൾ അടക്കം 84 റൺസ് നേടി. കൊഹ്ലിയുമായുള്ള ശ്രേയസ് അയ്യരുടെ കൂട്ടുകെട്ടാണ് ഇന്ത്യൻ ജയത്തിൽ നിർണായകമായത്. ശ്രേയസ് 62 പന്തിൽ 3 ബൗണ്ടറികൾ അടക്കം 45 റൺസ് നേടി. ടീമിന് വേണ്ടി അവസാനം വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ച താരങ്ങളാണ് കെ എൽ രാഹുൽ ഹാർദിക് പാണ്ട്യ സഖ്യം. രാഹുൽ 42* റൺസും, പാണ്ട്യ 28 റൺസും നേടി. രോഹിത് ശർമ്മ 28 റൺസ്, ശുഭ്മാൻ ഗിൽ 8 റൺസ്, രവീന്ദ്ര ജഡേജ 2* റൺസ് നേടി.
ശ്രേയസ് അയ്യർ പുറത്തായതിന് ശേഷം ഇന്ത്യക്ക് നിർണായകമായ പാർട്ണർഷിപ്പ് നൽകിയത് കെ എൽ രാഹുൽ വിരാട് കോഹ്ലി സഖ്യമാണ്. കുറച്ച് ബോളുകൾ നിന്നതിനു ശേഷമാണു രാഹുൽ ആക്രമിച്ച് കളിക്കാൻ തുടങ്ങിയത്. വിരാട് കൊഹ്ലിയുമായി കളിക്കളത്തിൽ എന്താണ് സംസാരിച്ചതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കെ എൽ രാഹുൽ.
കെ എൽ രാഹുൽ പറയുന്നത് ഇങ്ങനെ:
” ക്രീസിലെത്തി ഞാൻ 10-12 പന്തുകൾ നേരിട്ടപ്പോഴാണ് വിരാടുമായി സംസാരിച്ചത്. വിരാട്, നിങ്ങൾ അവസാനം വരെയും ക്രീസിലുണ്ടാകണം. ഓരോ ഓവറുകളിലും ഞാൻ റിസ്ക് എടുത്തുകൊള്ളാം. ഓവറിൽ ഒരു ഫോർ അല്ലെങ്കിൽ ഒരു സിക്സ് എന്നതിനായി ഞാൻ ശ്രമിക്കാം. ടീമിന് ഇപ്പോൾ ആവശ്യം ഫോമിലുള്ള താങ്കളുടെ സാന്നിധ്യമാണ്. എന്നാൽ വിരാട് വലിയ ഹിറ്റുകൾക്ക് ശ്രമിക്കുകയായിരുന്നു” കെ എൽ രാഹുൽ പറഞ്ഞു.