29 വർഷത്തിന് ശേഷമാണ് പാകിസ്ഥാൻ ഒരു ഐസിസി ടൂർണമെന്റിന്റെ ആതിഥേയരാകുന്നത്. എന്നാൽ ബിസിസിഐ കാരണം പാകിസ്ഥാൻ ബോർഡിന് ലഭിച്ചത് വമ്പൻ പണിയാണ്. സുരക്ഷാ പ്രശ്നങ്ങൾ കാരണം കാട്ടി ഇന്ത്യക്ക് പാകിസ്താനിലേക്ക് പോകാൻ കേന്ദ്ര അനുമതി ലഭിക്കാത്തതിനാൽ ബിസിസിഐയുടെ നിർദേശ പ്രകാരം ഇന്ത്യ പാകിസ്ഥാനിൽ പോകുന്നതിൽ നിന്ന് വിലക്കപ്പെട്ടിരുന്നു. അതിനു പകരം ടൂർണമെന്റ് ഹൈബ്രിഡ് മോഡലിൽ നടത്താൻ ഐസിസിയോട് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇതിനെതിരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിയോട് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. വൻ ആരാധക പിന്തുണയുള്ള ഇന്ത്യ ടൂർണമെന്റിൽ പങ്കെടുക്കാതെയിരുന്നാൽ നഷ്ടം സംഭവിക്കുമെന്നുള്ള ഭയത്തിൽ ഐസിസി ബിസിസിഐയുടെ നിർബന്ധത്തിനു വഴങ്ങി. ഒടുവിൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടത്താൻ തീരുമാനമായി.
ഇന്ത്യയുടെ എല്ലാ മത്സരങ്ങളും കൂടാതെ സെമിയി ഫൈനലിലോ, ഫൈനലിലോ പ്രവേശിച്ചാൽ ആ മത്സരങ്ങളും ദുബായിൽ നടത്തപ്പെടും. ഇതോടെ പാകിസ്ഥാൻ ബോർഡിന്റെ അവസ്ഥയിൽ വൻ ട്രോളാണ് ഉയർന്നു വരുന്നത്. കൂടാതെ ചാമ്പ്യൻസ് ട്രോഫിയിൽ ആദ്യം പുറത്തായതും പാകിസ്താനാണ്. എല്ലാം കൂടെ ആയപ്പോൾ ടീമിന് നേരെയും, ബോർഡിന് നേരെയും സോഷ്യൽ മീഡിയയിൽ ട്രോൾ മഴയാണ്.
ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ സൗത്ത് ആഫ്രിക്കയും, ന്യുസിലാൻഡും തമ്മിൽ ഏറ്റുമുട്ടും. അതിലെ വിജയിയായിരിക്കും ഫൈനലിൽ ഇന്ത്യയെ നേരിടുക. ഫൈനൽ മാർച്ച് 9 ന് ദുബായിൽ വെച്ച് നടത്തപ്പെടും.