ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ കിരീടം ചൂടിയതിന് ശേഷം ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മിച്ചല്‍ മാര്‍ഷ് ട്രോഫിയില്‍ കാലുകള്‍ കയറ്റിവെച്ചിരിക്കഗുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ട്രോഫിയെയും ഗെയിമിനെയും മാര്‍ഷ് അനാദരിച്ചുവെന്ന് ആരകാധകര്‍ അഭിപ്രായപ്പെട്ടതോടെ ഈ നടപടി ശക്തമായി വിമര്‍ശിക്കപ്പെട്ടു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ഇതില്‍ തന്റെ അനിഷ്ടം തുറന്നുപറഞ്ഞു.
എല്ലാ ടീമുകളും പോരാടുന്ന ട്രോഫിയോട് മാര്‍ഷ് അനാദരവ് കാണിച്ചത് തന്നെ വേദനിപ്പിച്ചെന്ന് ഷമി പറഞ്ഞു. കൂടാതെ, ഒരു മത്സരത്തിന് പോകുന്നതിന് മുമ്പ് താന്‍ പിച്ച് പരിശോധിക്കാറില്ലെന്നും പകരം, അനുവദിച്ച പിച്ചില്‍ പന്തെറിയുമ്പോള്‍ അത് എങ്ങനെ പെരുമാറുമെന്ന് കാണാന്‍ ഇഷ്ടപ്പെടുന്നുവെന്നും ഷമി വെളിപ്പെടുത്തി.
എനിക്ക് വേദനയുണ്ട്. ലോകത്തിലെ എല്ലാ ടീമുകളും പോരാടുന്ന ട്രോഫി, നിങ്ങളുടെ തലയ്ക്ക് മുകളിലൂടെ ഉയര്‍ത്താന്‍ ആഗ്രഹിക്കുന്ന ട്രോഫി, ആ ട്രോഫിയില്‍ കാലുറപ്പിക്കുന്ന ചിത്രം എന്നെ സന്തോഷിപ്പിച്ചില്ല.
പൊതുവേ, ബോളര്‍മാര്‍ ഗ്രൗണ്ടില്‍ എത്തിയതിന് ശേഷം പിച്ച് പരിശോധിക്കാറുണ്ട്. ഞാന്‍ ഒരിക്കലും വിക്കറ്റിന് അടുത്തേക്ക് പോകാറില്ല, കാരണം നിങ്ങള്‍ അതില്‍ പന്തെറിയുമ്പോള്‍ മാത്രമേ അത് എങ്ങനെ പെരുമാറുമെന്ന് നിങ്ങള്‍ക്കറിയാനാകൂ. പിന്നെ എന്തിനാണ് സമ്മര്‍ദ്ദം ചെലുത്തുന്നത്? ഇത് ലളിതമാക്കുന്നതാണ് നല്ലത്്. എങ്കില്‍ മാത്രമേ നിങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കൂ- ഷമി പറഞ്ഞു.