2023 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരായ മികച്ച തുടക്കം വലിയ സ്‌കോറാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ടതിന് ശേഷം രോഹിത് ശര്‍മ്മയ്ക്ക് നേരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇപ്പോഴിതാ ഇന്ത്യന്‍ ക്യാപ്റ്റനെ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് ആര്‍ അശ്വിന്‍. സെഞ്ച്വറി സ്‌കോര്‍ ചെയ്യാന്‍ രോഹിത്തിനെ ആരപം പഠിപ്പിക്കേണ്ടതില്ലെന്ന് അശ്വിന്‍ പറഞ്ഞു.
രോഹിത് ശര്‍മ്മ ടൂര്‍ണമെന്റിലുടനീളം ആക്രമണാത്മക ബാറ്റിംഗ് നടത്തി. ടൂര്‍ണമെന്റിലുടനീളം അദ്ദേഹത്തിന്റെ ആക്രമണാത്മക സമീപനം ഇന്ത്യയെ വേഗമേറിയ തുടക്കത്തിലേക്ക് നയിച്ചു. ഇതുമൂലം താഴെയുള്ള ബാറ്റര്‍മാര്‍ക്ക് സമ്മര്‍ദ്ദമില്ലാതെ കളിക്കാനായി. വെറ്ററന്‍ ഓഫ് സ്പിന്നര്‍ തന്റെ ക്യാപ്റ്റനെ പൂര്‍ണമായി പിന്തുണച്ചു.
അവന്‍ നിന്നിരുന്നെങ്കില്‍ 100 റണ്‍സ് നേടുമായിരുന്നുവെന്ന് എല്ലാവരും പറയുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഉദ്ദേശ്യം കൊണ്ടാണ് ടീം ഇങ്ങനെ ഇതുവരെ കളിച്ചത്. രോഹിത് ശര്‍മ്മയെ എങ്ങനെ സെഞ്ച്വറി നേടണമെന്ന് പഠിപ്പിക്കേണ്ട കാര്യമില്ല. അദ്ദേഹം നിരവധി സെഞ്ചുറികള്‍ നേടിയിട്ടുണ്ട്, പക്ഷേ ഉദ്ദേശ്യമാണ് പ്രധാനം- തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ തോറ്റെങ്കിലും രോഹിത് ശര്‍മ്മയുടെ നിര്‍ഭയ ബാറ്റിംഗും മാതൃകാപരമായ നേതൃത്വവും പ്രശംസ നേടി. 11 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയും മൂന്ന് അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടെ 54.27 ശരാശരിയില്‍ 597 റണ്‍സുമായി ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റണ്‍ സ്‌കോററായി.
ലോകകപ്പിന് ശേഷം, ഐസിസിയുടെ ടീം ഓഫ് ദ ടൂര്‍ണമെന്റിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതിലൂടെയും രോഹിത് ശര്‍മ്മ അഭിനന്ദനങ്ങള്‍ നേടി. പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് വിരാട് കോഹ്ലി ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ താരങ്ങള്‍ ഐസിസി ഇലവനില്‍ ഇടംപിടിച്ചു.