ശാസ്ത്രിയുടെ പിന്‍ഗാമിയെ ഉറപ്പിച്ച് ദാദ; ഇനി വേണ്ടത് ഒരു സമ്മതം മാത്രം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് പദത്തില്‍ രവി ശാസ്ത്രിയുടെ പിന്‍ഗാമിയെ മനസില്‍ ഉറപ്പിച്ച് ബിസിസിഐ. ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് സൗരവ് ഗാംഗുലി ഇതു സംബന്ധിച്ച സൂചന നല്‍കി. ട്വന്റി20 ലോക കപ്പിനു ശേഷം പരിശീലക സ്ഥാനത്ത് തുടരേണ്ടെന്ന് ശാസ്ത്രി തീരുമാനിച്ചിരുന്നു.

ഇന്ത്യയിലെ യുവ താരങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണായക സംഭാവന നല്‍കുന്ന ബാറ്റിംഗ് ഇതിഹാസം രാഹുല്‍ ദ്രാവിഡിനെ കോച്ചായി നിയോഗിക്കാനാണ് ബിസിസിഐയുടെ പദ്ധതി. എന്നാല്‍ മുഴുവന്‍ സമയ പരിശീലകനാവാന്‍ ദ്രാവിഡ് തയ്യാറാകുമോയെന്ന് സന്ദേഹമുണ്ട്.

ദ്രാവിഡ് ഇന്ത്യ കോച്ചാകുന്നതിനോടാണ് ബിസിസിഐക്ക് താത്പര്യം. മുഴുവന്‍ സമയ പരിശീലകന്റെ റോള്‍ തിരഞ്ഞെടുക്കാന്‍ അദ്ദേഹം തയ്യാറാകുമോയെന്ന് അറിയില്ല. ഇതേ കുറിച്ച് ദ്രാവിഡിനോട് പ്രത്യേകം സംസാരിച്ചിട്ടില്ല. എന്തു സംഭവിക്കുന്നെന്ന് നോക്കാമെന്നും ഗാംഗുലി പറഞ്ഞു.

നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ)യുടെ തലവനാണ് ദ്രാവിഡ്. യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതില്‍ ദ്രാവിഡ് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നു. ശ്രീലങ്കയില്‍ പര്യടനം നടത്തിയ ഇന്ത്യയുടെ യുവ ടീമിന്റെ പരിശീലന ചുമതലയും ദ്രാവിഡ് വഹിച്ചിരുന്നു. എന്നാല്‍ സീനിയര്‍ ടീമിന്റെ മുഖ്യ കോച്ച് സ്ഥാനം തത്കാലം സ്വീകരിക്കാനില്ലെന്ന നിലപാടിലായിരുന്നു ദ്രാവിഡ്.

Read more