ഇന്ത്യയുടെ വിജയ പ്രതീക്ഷകള്‍ക്ക് കരിനിഴല്‍; മൂന്നാം ടെസ്റ്റ് ഉപേക്ഷിച്ചേക്കും

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ അവസാന ടെസ്റ്റ് ഉപേക്ഷിച്ചേക്കും. ബാറ്റ്‌സ്മാന്‍മാര്‍ക്ക് പ്രതികൂലമായി പിച്ച് കൂടുതല്‍ അപകടകാരിയായതാണ് മൂന്നാം ടെസ്റ്റ് ഉപേക്ഷിക്കാന്‍ അംപയര്‍മാര്‍ ഒരുങ്ങുന്നത്. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സില്‍ ജസ്പ്രിത് ബുംറ എറിഞ്ഞ ബോള്‍ ഡീന്‍ എല്‍ഗാറിന്റെ ഹെല്‍മറ്റില്‍ തട്ടിയതോടെ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പരാതി ഉയര്‍ത്തുകയായിരുന്നു.

പിച്ചില്‍ ബൗണ്‍സ് കൂടിയതോടെ ആശങ്ക മുറുകുകയും കളി നിര്‍ത്തിവെക്കുകയും ചെയ്തു. ഇതിനിടയില്‍ മഴയും പെയ്തതോടെ മൂന്നാം ദിനം കളി നേരത്തെ നിര്‍ത്തി. മാച്ച് റഫറി ആന്റി പ്രിക്‌റോഫ്റ്റും അമ്പയര്‍മാരും ചേര്‍ന്നാണ് കളി നിര്‍ത്താനുള്ള തീരുമാനമെടുത്തത്. 241 റണ്‍സ് എന്ന വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 17 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്.

അതേസമയം, പരമ്പര ഇതിനോടകം തന്നെ കൈവിട്ട ഇന്ത്യയ്ക്ക് അവസാന മത്സരത്തില്‍ ജയിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു. ഇതിലേക്കടുക്കുമ്പോഴാണ് പിച്ച് കൂടുതല്‍ അപകകടരമായത് തിരിച്ചടിയായി. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 247 റണ്‍സാണെടുത്തത്. കളി ഉപേക്ഷിച്ചേക്കുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഇന്ത്യയുടെ ഇന്നിങ്‌സ് പൂര്‍ത്തിയായതിന് ശേഷം കളി ഉപേക്ഷിച്ചാല്‍ അത് വിവാദത്തിന് വഴിതെളിയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കണ്ണിന് തൊട്ടുമുകളിലായി ഹെല്‍മറ്റില്‍ പന്ത് കൊണ്ടതോടെ നിയന്ത്രണം നഷ്ടപ്പെട്ട് എല്‍ഗര്‍ മൈതാനത്ത് വീണു. പിച്ചിന്റെ അപകടനില സൂചിപ്പിക്കുന്നതായിരുന്നു ഇത്. എഡ്ഗര്‍ പ്രതീക്ഷിച്ചതിലും ബൗണ്‍സ് കൂടിയ പന്താണ് ഹെല്‍മറ്റില്‍ പതിച്ചത്. അംപയര്‍ ഇരു ടീം കോച്ചുമാരും ക്യാപ്റ്റന്മാരും മാനേജ്‌മെന്റുമായി ഇക്കാര്യം സംസാരിക്കാന്‍ വേണ്ടി കളി നിര്‍ത്തിവെച്ചിരുന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ 247 റണ്ണാണ് ഇന്ത്യ നേടിയത്. രഹാനെ 48 റണ്‍സും വിരാട് കോഹ്ലി 41 റണ്‍സും ഭുവനേശ്വര്‍ കുമാര്‍ 33 റണ്‍സും ഷമി 27 റണ്‍സും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മര്‍ക്കാരത്തിന്റെ വിക്കറ്റാണ് തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടത്. നാല് റണ്‍സെടുത്ത മര്‍ക്കാരം ഷമിയുടെ പന്തില്‍ കീപ്പര്‍ പാര്‍ത്ഥിവ് പട്ടേലിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.