മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി തന്നെ മതം മാറാൻ നിർബന്ധിച്ചെന്ന് ആരോപണവുമായി മുൻ പാകിസ്ഥാൻ താരം ഡാനിഷ് കനേരിയ. 2000 മുതൽ 2010 വരെ പാകിസ്ഥാനു വേണ്ടി ടെസ്റ്റ്, ഏകദിന ഫോർമാറ്റുകൾ കളിച്ചിട്ടുള്ള ഡാനിഷ് മുമ്പും അഫ്രീദിക്ക് എതിരെ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
”ഞാൻ ധാരാളം വിവേചനങ്ങൾ നേരിട്ടിട്ടുണ്ട്. എന്റെ കരിയർ നശിപ്പിക്കപ്പെട്ടു. പാകിസ്ഥാനിൽ എനിക്ക് അർഹമായ ബഹുമാനവും തുല്യ മൂല്യവും ലഭിച്ചില്ല. ഈ വിവേചനം കാരണം, ഞാൻ ഇന്ന് യുഎസിലാണ്. ഞാൻ ഒരുപാട് നിർദേശങ്ങൾ പാകിസ്ഥാൻ ക്രിക്കറ്റ്ക ബോർഡിന് മുന്നിൽ പറഞ്ഞിട്ടുണ്ട്. പക്ഷെ അതൊന്നും ഫലം കണ്ടില്ല.” കനേരിയ പറഞ്ഞു.
പാകിസ്ഥാനിലെ തന്റെ സഹതാരങ്ങളെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു:
”എന്റെ കരിയറിൽ ഞാൻ ഹാപ്പിയാണ്. പാകിസ്ഥാനിലും കൗണ്ടിയിലുമായി ഞാൻ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇൻസമാം ഉൾ ഹഖ് എന്നെ വളരെയധികം പിന്തുണച്ചു, അങ്ങനെ ചെയ്ത ഒരേയൊരു ക്യാപ്റ്റനായിരുന്നു അദ്ദേഹം. അദ്ദേഹത്തോടൊപ്പം ഷോയിബ് അക്തറും ഉണ്ടായിരുന്നു. എന്നാൽ ഷാഹിദ് അഫ്രീദിയും മറ്റുള്ള ചില താരങ്ങളും എന്നെ ചതിച്ചു. അഫ്രീദി എന്നോട് മതം മാറാനാണ് പറയുന്നത്. ഒരുപാട് തവണ എന്നോട് ഇങ്ങനെ അയാൾ പറഞ്ഞിട്ടുണ്ട്. മോശം അനുഭവങ്ങളാണ് എനിക്ക് കൂടുതലായി ഉണ്ടായിരിക്കുന്നത്.”
അതേസമയം 2012 ൽ സ്പോട് ഫിക്‌സിംഗുമായി ബന്ധപ്പെട്ട് കൗണ്ടി ക്രിക്കറ്റ് കളിച്ചിരുന്ന ഡാനിഷിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വിലക്കിയിരുന്നു.