ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിന് ഒരുക്കിയ മൊട്ടേരയിലെ പിച്ചിന് “ശരാശരി” റേറ്റിംഗ് നല്‍കിയ ഐ.സി.സിയുടെ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയിഡ്. ആദ്യ പന്തുമുതല്‍ ശിഥിലമായ പിച്ച് എങ്ങനെയാണ് “ശരാശരി” ആകുന്നതെന്ന് ലോയിഡ് ട്വീറ്ററിലൂടെ ചോദിച്ചു.
ഐസിസിയോട് ഒരു വലിയ ചോദ്യം. അതൊരു ശരാശരി പിച്ച് ആയിരുന്നു എങ്കില്‍ ആദ്യപന്ത് മുതല്‍ ശിഥിലമാവുന്ന ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള അതു പോലത്തെ പിച്ചുകള്‍ ശരാശരി ആയി കണക്കാക്കുമോ? എന്തായാലും ഞാന്‍ മറുപടി പ്രതീക്ഷിക്കുന്നില്ല, ലോയിഡ് ട്വിറ്ററില്‍ കുറിച്ചു.
ഐ.സി.സിയുടെ “ശരാശരി” റേറ്റിംഗിനെ വിമര്‍ശിച്ച് നിരവധി ഇംഗ്ലീഷ് താരങ്ങളാണ് രംഗത്ത് വരുന്നത്. നേരത്തെ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡും വിമര്‍ശനവുമായി എത്തിയിരുന്നു. ശരാശരിക്കും താഴെ റേറ്റ് ചെയ്ത പിച്ചുകളുമായി താരതമ്യം ചെയ്യാന്‍ താത്പര്യമുണ്ടെന്നായിരുന്നു ബ്രോഡിന്റെ പ്രതികരണം.
നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന് വിജയിച്ചിരുന്നു. മത്സരത്തില്‍ 112,81 എന്നിങ്ങനെയായിരുന്നു രണ്ടിംന്നിംഗ്‌സുകളിലായി ഇംഗ്ലണ്ടിന്റെ പ്രകടനം. ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 145 റണ്‍സെടുത്തപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 49 റണ്‍സെടുത്ത് കളി ജയിച്ചു. “ശരാശരി” റേറ്റിംഗ് ലഭിച്ചത് കൊണ്ട് “ഡീമെറിറ്റ്” പോയിന്റുകള്‍ ലഭിക്കുന്നതില്‍ നിന്നും സ്റ്റേഡിയം കഷ്ടിച്ച് രക്ഷപ്പെട്ടു.