ടെസ്റ്റിനൊപ്പം ഏകദിന ക്രിക്കറ്റും മതിയാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. 15 വര്‍ഷത്തെ കരിയറില്‍ ഡേവിഡ് വാര്‍ണര്‍ക്ക് നിരവധി മികച്ച ബോളര്‍മാരെ നേരിടേണ്ടി വന്നു. എന്നാല്‍ ആ നീണ്ട ലിസ്റ്റില്‍നിന്ന് താന്‍ നേരിട്ട ഏറ്റവും കടുപ്പമേറിയ ബോളറെ തിരഞ്ഞെടുത്തിരിക്കുകയാണ് താരം. തിങ്കളാഴ്ച ഏകദിന വിരമിക്കല്‍ സ്ഥിരീകരിച്ച വാര്‍ണര്‍, താന്‍ നേരിട്ടതില്‍ വച്ച് ഏറ്റവും കഠിനമായ ബോളര്‍ ദക്ഷിണാഫ്രിക്കന്‍ സ്പീഡ്സ്റ്റര്‍ ഡെയ്ല്‍ സ്റ്റെയ്നാണെന്ന് പറഞ്ഞു.
‘സംശയമില്ലാതെ ഇത് ഡെയ്ല്‍ സ്റ്റെയ്ന്‍ തന്നെ.’ എന്തുകൊണ്ടാണ് തനിക്ക് അങ്ങനെ തോന്നിയതെന്ന് വാര്‍ണര്‍ വിശദീകരിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ 2016-17 ഹോം പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഞാനും ഷോണ്‍ മാര്‍ഷും ക്രീസില്‍ നില്‍ക്കുമ്പോള്‍ ഷോണ്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു, ‘എനിക്ക് അവനെ മറികടക്കാന്‍ കഴിയില്ല, നമ്മള്‍ അവനെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് എനിക്കറിയില്ല’ എന്ന്.
ആ കളിയിലും അവന്‍ തന്റെ ഏറ്റവും മികച്ചത് ഞങ്ങള്‍ക്കെതിരെ പുറത്തെടുത്തുവെന്ന് ഞാന്‍ കരുതുന്നു. ഒരു കടുത്ത എതിരാളിയാണ് അദ്ദേഹം. നിങ്ങള്‍ക്ക് ഒരിക്കലും പുഞ്ചിരി നല്‍കാത്ത, മൈതാനത്ത് ഒരു തെറ്റും വരുത്താത്ത തീക്ഷ്ണമായ എതിരാളിയായിരുന്നു അദ്ദേഹം- വാര്‍ണര്‍ പറഞ്ഞു.
ഇന്ത്യയ്ക്കെതിരായ ലോകകപ്പ് ഫൈനലാണ് വാര്‍ണറുടെ കരിയറിലെ അവസാന ഏകദിന മല്‍സരം. ജനുവരി മൂന്നിനാരംഭിക്കുന്ന പാകിസ്ഥാനെതിരായ പരമ്പരയിലെ അവസാന മത്സരത്തോടെ ടെസ്റ്റില്‍ നിന്ന് വിരമിക്കുമെന്നും വാര്‍ണര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.