അന്ന് ഡേവിഡ് വാർണർ ഇന്ന് വിഘ്‌നേഷ് പുത്തൂർ, സാമ്യതകൾ ഏറെയുള്ള രണ്ട് അരങ്ങേറ്റങ്ങൾ; മലയാളികളെ അവന്റെ കാര്യത്തിൽ ആ പ്രവർത്തി ചെയ്യരുത്; വൈറൽ കുറിപ്പ് വായിക്കാം

കേരള ക്രിക്കറ്റ് ടീമിനുവേണ്ടി സീനിയർ തലത്തിൽ ഒരു മത്സരം പോലും കളിച്ചിട്ടില്ലാത്ത വിഘ്നേഷ് പുത്തൂർ എന്ന ചെറുപ്പക്കാരൻ ചെന്നൈ സൂപ്പർ കിങ്സിനെതിരെ 3 വിക്കറ്റുകൾ വീഴ്ത്തിയത് കണ്ടപ്പോൾ ഞാൻ പഴയൊരു കഥയോർത്തുപോയി. 16 വർഷങ്ങൾ പഴക്കമുള്ള ഒരു കഥ!
2009-ൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഒരു ടി-20 മത്സരം നടന്നു. അന്ന് ഡേവിഡ് വാർണർ എന്ന ഓപ്പണിങ്ങ് ബാറ്റർ ഓസീസിനുവേണ്ടി അരങ്ങേറ്റം കുറിച്ചു. ആ സമയത്ത് ഒരു ഫസ്റ്റ് ക്ലാസ് മത്സരം പോലും വാർണറുടെ പേരിൽ ഉണ്ടായിരുന്നില്ല! 132 വർഷങ്ങളുടെ പാരമ്പര്യം ഉണ്ടായിരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിൻ്റെ ചരിത്രത്തിലെ ആദ്യത്തെ സംഭവം!!
അങ്ങനെ കരിയർ തുടങ്ങിയ വാർണർ പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇതിഹാസമായി മാറി. വാർണറുടെ വീരഗാഥ നമ്മളെ ചിലതെല്ലാം ഓർമ്മിപ്പിക്കുന്നുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ റെക്കോർഡുകൾക്ക് വലിയ വിലയുണ്ട്. പക്ഷേ അത് അവസാന വാക്കല്ല. ഒരു കളിക്കാരൻ്റെ കഴിവിന് തന്നെയാണ് ഏറ്റവും പ്രാധാന്യമുള്ളത്. മുംബൈ ഇന്ത്യൻസിൻ്റെ ബോളിങ്ങ് പരിശീലകനായ പരസ് മാംബ്രേ പറഞ്ഞത് ശ്രദ്ധിക്കുക- ”വിഘ്നേഷ് എത്ര മത്സരങ്ങളിൽ പങ്കെടുത്തു എന്ന കാര്യമല്ല ഞങ്ങൾ പരിഗണിച്ചത്. അയാൾക്ക് കഴിവുണ്ടെന്ന് ഞങ്ങൾക്ക് ബോദ്ധ്യമായി. അതുകൊണ്ടാണ് മുംബൈ വിഘ്നേഷിന് അവസരം നൽകിയത്…!”
വിഘ്നേഷ് ഇനി വലിയ സ്വപ്നങ്ങളാണ് കാണേണ്ടത്. ആഭ്യന്തര മത്സരങ്ങളിലെ പരിചയക്കുറവ് അയാളെ അലട്ടേണ്ടതില്ല. ഇന്ത്യൻ ടീമിൻ്റെ വാതിലുകൾ തള്ളിത്തുറക്കാൻ ഒരു മികച്ച ഐ.പി.എൽ സീസൺ തന്നെ ധാരാളമാണ്!
രോഹിത് ശർമ്മയും സൂര്യകുമാർ യാദവും വിഘ്നേഷിനെതിരെ നെറ്റ്സിൽ പരിശീലിച്ചിരുന്നു. ആ 24 വയസ്സുകാരൻ്റെ പന്തുകളെ റീഡ് ചെയ്യാൻ ഇരുവരും ബുദ്ധിമുട്ടി എന്നാണ് പരസ് മാംബ്രേ വെളിപ്പെടുത്തിയത്. അതുകൊണ്ടാണ് ചെന്നൈയ്ക്കെതിരായ നിർണായക മത്സരത്തിൽ വിഘ്നേഷ് ഇംപാക്റ്റ് സബ് ആയി കളത്തിലെത്തിയത്.
ഋതുരാജ് ഗെയ്ക്ക്വാദ്,ശിവം ദുബേ,ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകളാണ് വിഘ്നേഷ് വീഴ്ത്തിയത്. അവരെല്ലാവരും അന്താരാഷ്ട്ര താരങ്ങളാണ്. ദുബേ സ്പിന്നർമാരെ നിലംതൊടാതെ പറത്തുന്ന ആളാണ്! പക്ഷേ അങ്കം വിഘ്നേഷ് തന്നെ ജയിച്ചു!
ചങ്കുറപ്പിൻ്റെ കാര്യത്തിലും വിഘ്നേഷ് മുന്നിലാണെന്ന് സംശയമില്ലാതെ പറയാം. അഞ്ച് തവണ ഐ.പി.എൽ കിരീടം ചൂടിയ ചെന്നൈ ടീമിൻ്റെ സ്വന്തം മടയിൽ വെച്ച് ഇതുപോലൊരു ചാമ്പ്യൻ പെർഫോമൻസ് കാഴ്ച്ചവെയ്ക്കാൻ ദുർബലഹൃദയർക്ക് സാദ്ധ്യമല്ല!! മഹേന്ദ്രസിംഗ് ധോനി ഒരു ടഫ് ക്രിക്കറ്ററാണ്. അയാളെ പ്രീതിപ്പെടുത്താൻ അത്ര എളുപ്പമല്ല. ധോനിയുടെ അഭിനന്ദനം കന്നിയങ്കത്തിൽ തന്നെ കരസ്ഥമാക്കിയ വിഘ്നേഷ് എന്തായാലും ചില്ലറക്കാരനല്ല!
ചൈനമൻ ബോളിങ്ങ് എന്നത് ഒരു അപൂർവ്വ കലയാണ്. ബ്രാഡ് ഹോഗ്,കുൽദീപ് യാദവ്,തബ്രെയിസ് ഷംസി,നൂർ അഹമ്മദ് തുടങ്ങിയ ചുരുക്കം ചിലർ മാത്രമാണ് ആ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ചെെനമൻ സ്പിന്നർമാർക്ക് ക്രിക്കറ്റ് ലോകത്ത് അപാരമായ സാദ്ധ്യതകളുണ്ട്. ഇന്ത്യൻ ജഴ്സി വിഘ്നേഷിൻ്റെ കൈ എത്തുന്ന ദൂരത്ത് തന്നെയുണ്ട്!
ലെഗ്സ്പിന്നർമാർക്ക് സിമൻ്റ് പിച്ചിൽ പോലും പന്ത് ടേൺ ചെയ്യിക്കാൻ സാധിക്കും എന്ന് പറയാറുണ്ട്. പക്ഷേ ചിലപ്പോൾ അവർ അസ്ഥിരത കാണിക്കും. കുറേ ഷോർട്ട്ബോളുകളും ഫുൾടോസുകളും എറിയും. ക്യാപ്റ്റൻ്റെയും ക്രിക്കറ്റ് സിസ്റ്റത്തിൻ്റെയും പിന്തുണയില്ലാതെ ഒരു ലെഗ്സ്പിന്നർക്ക് അതിജീവനം പ്രയാസകരമാണ്. മലയാളികളോട് ഒരു അഭ്യർത്ഥനയുണ്ട്. നാളെ ഒന്നോ രണ്ടോ മത്സരങ്ങളിൽ വിഘ്നേഷ് മോശം പ്രകടനം കാഴ്ച്ചവെച്ചാൽ അവനുനേരെ കല്ലുകൾ എറിയരുത്. അവൻ നമ്മുടെ പയ്യനാണ്!
വിഘ്നേഷിനെ സ്നേഹം കൊണ്ട് പരിപാലിക്കൂ. അവൻ നമുക്കുവേണ്ടി അഭിമാന ഗോപുരങ്ങൾ പണികഴിപ്പിക്കും!
അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ വിഘ്നേഷിനെ സ്വന്തമാക്കിയത്‌. ഭാവിയിൽ കോടികളുടെ വിപണനമൂല്യം അവൻ്റെ പേരിൽ വന്നുചേരട്ടെ! ഹൈദരാബാദിലെ ഓട്ടോ ഡ്രൈവറുടെ മകനായ സിറാജ് ഇന്ത്യൻ ടീമിൻ്റെ മുൻനിര ബോളറായി. സേലം നഗരത്തിൻ്റെ പ്രാന്തപ്രദേശങ്ങളിലെ കൂലിപ്പണിക്കാരനായ പിതാവിന് ജനിച്ച നടരാജനും നമുക്ക് പ്രിയപ്പെട്ടവനായി. അടുത്ത ഊഴം വിഘ്നേഷിൻ്റേതാണ്. മലപ്പുറം സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ മകൻ വിഘ്നേഷ് ഈ രാജ്യത്തിൻ്റെ മുഴുവൻ പ്രിയങ്കരനാവുന്ന ദിവസങ്ങൾ വരട്ടെ. നമുക്ക് അതിനുവേണ്ടി കാത്തിരിക്കാം. വിഘ്നേഷിനെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാം…!!

Latest Stories

IPL 2025: അവന്മാർ ടീമിൽ ഉണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു പൂരം, ആ ഒരു കാരണം പണിയായി: റുതുരാജ് ഗെയ്ക്‌വാദ്

CSK UPDATES: ടി 20 യിൽ കൂട്ടിയാൽ കൂടില്ല, ടെസ്റ്റിൽ ഒരു പ്രീമിയർ ലീഗ് ഉണ്ടെങ്കിൽ ഈ ടീം കളിച്ചാൽ കപ്പ് ഉറപ്പ്; നോക്കാം കണക്കുകൾ

മാപ്പ് പറയില്ല, നിലപാട് തിരുത്തുന്നുമില്ല, വിട്ടുവീഴ്ചയില്ലാതെ മുരളി ഗോപി; അന്നും ഇന്നും മീശ പിരിച്ച് വിജയ്, ഖേദത്തില്‍ മുങ്ങി മോഹന്‍ലാലും പൃഥ്വിരാജും

വീണ്ടും മോദിയെ പുകഴ്ത്തി തരൂർ; 'വാക്സിൻ നയം ഇന്ത്യയെ ലോകനേതൃ പദവിയിലേക്ക് ഉയർത്തി', കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ലേഖനം

CSK UPDATES: ലേലം കഴിഞ്ഞപ്പോൾ ഞാൻ പ്രതീക്ഷിച്ചതിന്റെ വിപരീതമാണ് ഇപ്പോൾ നടക്കുന്നത്, സഹതാരത്തെ കുറ്റപ്പെടുത്തി ഋതുരാജ് ഗെയ്ക്വാദ്; തോൽവിക്ക് പ്രധാന കാരണമായി പറയുന്നത് ആ കാര്യം

എംഡിഎംഎയുമായി എത്തിയ സിനിമ അസിസ്റ്റന്റ് ഡയറക്ടറെ ഓടിച്ചിട്ട് പിടികൂടി പൊലീസ്

IPL 2025: എന്തുകൊണ്ട് ധോണി വൈകി ബാറ്റ് ചെയ്യുന്നത്, ആ കാരണം മനസിലാക്കി അയാളെ ട്രോളുക: സ്റ്റീഫൻ ഫ്ലെമിംഗ്

റീ എഡിറ്റഡ് എമ്പുരാന്‍ ഇന്ന് തിയേറ്ററുകളില്‍; ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന സീന്‍ കട്ട് ചെയ്യും, വില്ലന്റെ പേരും മാറും

IPL 2025: മത്സരത്തിന്റെ പകുതി ആയപ്പോൾ തോറ്റെന്ന് കരുതി, അവസാനം രക്ഷകനായത് അവന്മാരാണ്: റിയാൻ പരാഗ്

'ആണവ കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇറാനെ ബോംബിട്ട് തകർത്തുകളയും'; ഭീഷണി മുഴക്കി ട്രംപ്