ഡല്‍ഹി സ്പിന്നര്‍ ആര്‍ അശ്വിനും കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ക്യാപ്റ്റന്‍ മോര്‍ഗനും തമ്മിലുണ്ടായ വാക്പോരില്‍ അശ്വിന് പൂര്‍ണ പിന്തുണയുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. അശ്വിന് പൂര്‍ണ പിന്തുണ നല്‍കുന്നതായി 2019 ഏകദിന ലോക കപ്പ് ഫൈനലിലെ ഓവര്‍ത്രോയിലൂടെ ഇംഗ്ലണ്ടിന് ലഭിച്ച റണ്‍സ് ചൂണ്ടിക്കാട്ടി ഡല്‍ഹി ക്യാപിറ്റല്‍സ് ഉടമ പാര്‍ഥ് ജിന്‍ഡാളി പറഞ്ഞു.
ഏകദിന ലോക കപ്പ് ഫൈനലില്‍ സ്റ്റോക്ക്സിന്റെ ബാറ്റില്‍ തട്ടി പന്ത് പോയതിന്റെ ബലത്തില്‍ ലോക കിരീടം ഉയര്‍ത്തിയവര്‍ക്ക് അശ്വിന്‍ അധിക റണ്‍സ് എടുക്കുന്നത് കണ്ട് ഭ്രാന്തായിരിക്കുകയാണ്. അശ്വിന് പൂര്‍ണ പിന്തുണയുമായി ഞങ്ങളുണ്ട്, പാര്‍ഥീവ് ജിന്‍ഡാള്‍ ട്വിറ്ററില്‍ കുറിച്ചു.
അശ്വിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കിവി പേസര്‍ ടീം സൗത്തിയും നായകന്‍ മോര്‍ഗനും തമ്മിലെ വാക്പോര് കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു. ഡിസിയുടെ ഇന്നിങ്‌സിനിടെ കൊല്‍ക്കത്ത താരത്തിന്റെ ത്രോ റിഷഭ് പന്തിന്റെ ദേഹത്തു തട്ടിത്തെറിച്ചപ്പോള്‍ അധിക റണ്‍സ് ഓടിയെടുത്തത്തിന്റെ പേരിലാണ് അശ്വിനും മോര്‍ഗനും തമ്മില്‍ ഇടഞ്ഞത്.
ഡിസിയുടെ ഇന്നിംഗ്സിന്റെ ഇരുപതാം ഓവറിന്റെ ആദ്യ പന്തിലായിരുന്നു സംഭവം. സൗത്തിയുടെ പന്തിനെ ക്രീസില്‍ നിന്ന് ചാടിയിറങ്ങി പുള്‍ ചെയ്യാന്‍ ശ്രമിച്ച അശ്വിന്‍ ഡീപ് ബാക്ക്വേര്‍ഡ് സ്‌ക്വയറില്‍ നിതീഷ് റാണയുടെ കൈയില്‍ ഒതുങ്ങി. റണ്‍സിനായി ഓടുകയായിരുന്ന അശ്വിനോട് സൗത്തി എന്തോ പറഞ്ഞു. ചുട്ട മറുപടിയുമായി അശ്വിന്‍ സൗത്തിയുടെ നേര്‍ക്കു നിന്നപ്പോള്‍ സ്ഥിതിഗതികള്‍ കൈവിട്ടുപോകുമെന്നു തോന്നി. ഇതിനിടെ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗനും പ്രശ്നത്തില്‍ ഇടപെട്ടു. ഇതോടെ മോര്‍ഗനും അശ്വിനും തമ്മിലാണ് വാക്കേറ്റം. ഇതിനിടെ ദിനേശ് കാര്‍ത്തിക്ക് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.