DC VS LSG: ആ റെക്കോഡ് ഈ റെക്കോഡ് എന്നൊന്നും ഇല്ല, എല്ലാ റെക്കോഡും ഞാൻ തൂക്കും എന്ന വാശിയാണ് അയാൾക്ക്; തകർപ്പൻ നേട്ടം സ്വന്തമാക്കി കെഎൽ രാഹുൽ; അതുല്യ ലിസ്റ്റിൽ ഇനി ഒന്നാമത്

ഇന്നലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്റെ മുൻ ടീമായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിലൂടെ ഡൽഹി ക്യാപിറ്റൽസ് താരം കെ.എൽ. രാഹുൽ ചരിത്രത്തിൽ ഇടം നേടി. ലഖ്‌നൗവിലെ ശ്രീ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രാഹുൽ അർദ്ധസെഞ്ച്വറി നേടിയതിന് ഒപ്പം ഒരു വലിയ റെക്കോർഡ് സ്വന്തമാക്കി.

ലീഗിൽ 5000 റൺസ് തികച്ച രാഹുൽ ചരിത്രം സൃഷ്ടിച്ചു. വെറും 130 ഇന്നിംഗ്‌സുകളിൽ നിന്നാണ് രാഹുൽ ഈ നാഴികക്കല്ല് പിന്നിട്ടത്. ഇതോടെ ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന താരവുമായി രാഹുൽ മാറി. ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണറുടെ റെക്കോർഡ് അദ്ദേഹം ഈ യാത്രയിൽ തകർത്തു. 135 ഇന്നിംഗ്‌സുകളിൽ നിന്നാണ് വാർണർ 5000 റൺസ് തികച്ചത്.

ഐ‌പി‌എല്ലിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് തികച്ചവർ:

1 – കെ‌എൽ രാഹുൽ: 130 ഇന്നിംഗ്‌സ്

2 – ഡേവിഡ് വാർണർ: 135 ഇന്നിംഗ്‌സ്

3 – വിരാട് കോഹ്‌ലി: 157 ഇന്നിംഗ്‌സ്

4 – എ ബി ഡിവില്ലിയേഴ്‌സ്: 161 ഇന്നിംഗ്‌സ്

5 – ശിഖർ ധവാൻ: 168 ഇന്നിംഗ്‌സ്

സീസണിലെ മൂന്നാമത്തെയും ഇന്ത്യൻ പ്രീമിയർ ലീഗിലെ മൊത്തത്തിലുള്ള 48-ാമത്തെയും അർദ്ധ സെഞ്ച്വറി രാഹുൽ നേടി. അതേസമയം ഐപിഎല്ലിൽ ഇന്നലെ നടന്ന പോരിൽ ലക്നൌ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസ് 8 വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലക്നൗ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 17.5 ഓവറിൽ വിജയലക്ഷ്യം മറികടന്നു. ഓപ്പണറായി ക്രീസിലെത്തി 51 റൺസ് നേടിയ അഭിഷേക് പോറെലും 57 റൺസുമായി പുറത്താകാതെ നിന്ന കെ.എൽ രാഹുലുമാണ് ഡൽഹിയുടെ വിജയശിൽപ്പികൾ.

Read more