പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കുമെന്ന പോസ്റ്റിന് പിന്നാലെ മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യന്‍ ടീം പരിശീലകനുമായ ഗൗതം ഗംഭീറിന് വധഭീഷണി. ‘ഞങ്ങള്‍ നിങ്ങളെ കൊലപ്പെടുത്തും’ എന്ന് കുറിച്ചുളള ഇമെയില്‍ സന്ദേശമാണ് മുന്‍ ബിജെപി എംപി കൂടിയായ ഗംഭീറിന് ലഭിച്ചത്. സംഭവത്തില്‍ ഗംഭീറിന്റെ പരാതിക്ക് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഐഎസ്‌ഐഎസ് എന്ന പേരിലാണ് വധഭീഷണി ലഭിച്ചതെന്നാണ് ഗംഭീര്‍ നല്‍കിയ പരാതിയിലുളളത്. തനിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കണമെന്നും പരാതിയില്‍ ഗംഭീര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ഐപിഎല്‍ സമയമായതിനാല്‍ ഒഴിവുസമയം ചെലവഴിക്കുന്നതിനായി കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഇപ്പോള്‍ ഗംഭീറുളളത്.
പഹല്‍ഗാം ഭീകരാക്രമണത്തെ കടുത്ത ഭാഷയിലാണ് ഗംഭീര്‍ സോഷ്യല്‍ മീഡിയയില്‍ അപലപിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. ഇതിന് ഉത്തരവാദികളായവര്‍ വലിയ വില കൊടുക്കേണ്ടി വരും, ഇന്ത്യ തിരിച്ചടിച്ചിരിക്കും എന്നാണ് ഗംഭീര്‍ എക്‌സില്‍ കുറിച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ ഭീഷണി സന്ദേശം വന്നത്. പാകിസ്ഥാനെതിരെ ഏക്കാലവും കര്‍ശന നിലപാട് സ്വീകരിച്ചിട്ടുളള താരമാണ് ഗൗതം ഗംഭീര്‍.
അടുത്തിടെ ഇന്ത്യന്‍ ടീമിനെ ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടത്തിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ദുബായില്‍ വച്ച് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇന്ത്യ വീണ്ടുമൊരു ഐസിസി കിരീടം നേടിയത്. ടി20 ലോകകപ്പ് നേടി മാസങ്ങള്‍ക്ക് ശേഷമായിരുന്നു ചാമ്പ്യന്‍സ് ട്രോഫിയും നേടാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചത്. ടി20 ലോകകപ്പ് രാഹുല്‍ ദ്രാവിഡിന് കീഴിലാണ് ഇന്ത്യ നേടിയത്. ദ്രാവിഡ് രാജിവച്ചതിന് പിന്നാലെയാണ് കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്തയെ കിരീടനേട്ടത്തിലേക്ക് നയിച്ച ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ കോച്ചായത്.