ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് 24ന് അഹമ്മദാബാദിലെ മൊട്ടേറയില്‍ നടക്കാനിരിക്കുകയാണ്. പരമ്പരയിലെ പിങ്ക് ബോള്‍ മത്സരമാണിത്. ഇപ്പോഴിതാ ഡേ നൈറ്റ് ടെസ്റ്റില്‍ മൊട്ടേറയില്‍ കാത്തിരിക്കുന്ന ബാറ്റിംഗ് വെല്ലുവിളിയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ.
“ഡേ നൈറ്റ് ടെസ്റ്റ് തീര്‍ച്ചയായും വെല്ലുവിളി നിറഞ്ഞതാണ്. കാരണം കാലവസ്ഥയും വെളിച്ചവും മാറുമ്പോള്‍ ബുദ്ധിമുട്ടാകും. അധികം ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും കളിക്കേണ്ടി വരും. ആത്മസംയമനം കൈവിടാതിരിക്കാന്‍ സ്വയം സജ്ജീകരിക്കേണ്ടി വരും. ഈ വെല്ലുവിളികള്‍ എല്ലാ ബാറ്റ്സ്മാന്‍മാര്‍ക്കും അറിയാവുന്ന കാര്യമാണ്. സാഹചര്യത്തിനനുസരിച്ച് മാനസികനില പാകപ്പെടുത്തി കളിക്കുകയാണ് വേണ്ടത്” രോഹിത് പറഞ്ഞു.
2012ന് ശേഷം മൊട്ടേറയില്‍ നടക്കുന്ന ആദ്യ മത്സരമാണിത്. സ്റ്റേഡിയം പുതുക്കി പണിതതോടെ പിച്ചിന്റെ സ്വഭാവത്തിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. മൊട്ടേറയിലെ മൈതാനം സ്പിന്നിനും പേസിനും അനുകൂലമാണെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍.
രണ്ട് പിച്ച് മൊട്ടേറയില്‍ ഒരുക്കിയിട്ടുണ്ടെന്നാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ഇതില്‍ ഒന്ന് പേസിനെയും രണ്ടാമത്തേത് സ്പിന്നിനെയും പിന്തുണയ്ക്കുന്നതാണ്. ഇതില്‍ ഇന്ത്യ സ്പിന്‍ പിച്ച് തിരഞ്ഞെടുക്കാനാണ് സാദ്ധ്യത.