കെകെആറിനെതിരായ മികച്ച പ്രകടനത്തിലൂടെ എലൈറ്റ് ക്ലബ്ബില്‍ ഇടം നേടി ലഖ്‌നൗവിന്റെ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡികോക്ക്. ഒരിന്നിംഗ്സില്‍ 10 സിക്സറടിച്ച മൂന്നാമത്തെ വിക്കറ്റ് കീപ്പറായാണ് അദ്ദേഹം മാറിയത്. ഓസ്ട്രേലിയയുടെ മുന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്, രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ എന്നിവര്‍ മാത്രമാണ് ഈ ലിസ്റ്റിലുള്ള മറ്റ് വിക്കറ്റ് കീപ്പര്‍മാര്‍.
ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനു വേണ്ടി പുറത്താവാതെ 140 റണ്‍സാണ് ഡികോക്ക് അടിച്ചെടുത്തത്. 70 ബോളില്‍ 10 വീതം ബൗണ്ടറികളും സിക്സറുമുള്‍പ്പെട്ടതായിരുന്നു ഡികോക്കിന്റെ പ്രകടനം. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവുമുയര്‍ന്ന മൂന്നാമത്തെ വ്യക്തിഗത സ്‌കോറായും ഇത് മാറി.
2018ലെ ഐപിഎല്ലിലായിരുന്നു രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി സഞ്ജു സാംസണ്‍ സിക്സര്‍ മഴ പെയ്യിച്ചത്. മൂന്നാമനായി ഇറങ്ങിയ സഞ്ജു 45 ബോളില്‍ 10 സിക്സറും രണ്ടു ബൗണ്ടറിയുമടക്കം പുറത്താകാതെ 92 റണ്‍സാണ് നേടിയത്.
ആദം ഗില്‍ക്രിസ്റ്റിന്റെ സൂപ്പര്‍ ഇന്നിംഗ്സ് 2008ലെ പ്രഥമ സീസണിലാണ്. ഡെക്കാന്‍ ചാര്‍ജേഴ്സിനായി കളിക്കവെ മുംബൈ ഇന്ത്യന്‍സിനെതിരേയാണ് ഗില്ലി നിറഞ്ഞാടിയത്. മത്സരത്തില്‍ 47 ബോളില്‍ 10 സിക്സറും ഒമ്പതു ബൗണ്ടറിയും മടക്കം 109 റണ്‍സുമായി താരം പുറത്താകാതെ നിന്നു.