മൂന്നാം ഏകദിന മത്സരത്തിലും സിംബാബ്‌വെയെ പരാജയപ്പെടുത്തി പരമ്പര തൂത്തുവാരിയിരിക്കുകയാണ് ഇന്ത്യ. ഇന്നലെ ആവേശകരമായ മത്സരത്തില്‍ ആതിഥേയര്‍ പൊരുതിയാണ് വീണത്. മത്സരത്തില്‍ സിംബാബ്‌വെ ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യയുടെ ദീപക് ചഹാര്‍ മങ്കാദിംഗിന് ശ്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ഓപ്പണര്‍ ഇന്നസെന്റ് കയേയെയാണ് ദീപക് ചഹാര്‍ മങ്കാദിംഗ് ചെയ്യാനൊരുങ്ങിയത്. എന്നാല്‍ മാന്യതയോടെ പെരുമാറിയ താരം മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ചെയ്തത്. താക്കുന്‍ഡാന്‍ഷി കെയ്ത്താനോ സ്ട്രൈക്കില്‍ നില്‍ക്കുമ്പോള്‍ കയേ നോണ്‍സ്ട്രൈക്കില്‍. ദീപക് പന്തെറിയാനായി ഓടി ക്രീസിലെത്തിയപ്പോഴേക്കും കയേ നോണ്‍സ്ട്രൈക്കിലെ ക്രീസ് വിട്ട് നടന്നുകയറിയിരുന്നു.
ചഹാര്‍ വിക്കറ്റ് ആവശ്യപ്പെടാത്തതിനാല്‍ അംപയര്‍ പന്ത് ഡോട്ട് ബോളായി വിധിച്ചു. നായകന്‍ കെ എല്‍ രാഹുല്‍ ചിരിച്ചുകൊണ്ടാണ് ദീപക്കിന്റെ പ്രവര്‍ത്തിയോട് പ്രതികരിച്ചത്. മങ്കാദിംഗിലൂടെ പുറത്താക്കിയില്ലെങ്കിലും കയേയുടെ വിക്കറ്റ് ദീപക് തന്നെയാണ് മത്സരത്തില്‍ വീഴ്ത്തിയത്.
മത്സരത്തില്‍ ഇന്ത്യയെ അട്ടിമറിക്കുന്നതിന്റെ വക്കോളമെത്തിയെങ്കിലും വിജയലക്ഷ്യമായ 290ന് 13 റണ്‍സ് അകലെ സിംബാബ്വെയുടെ പോരാട്ടം അവസാനിച്ചു. ഒരു വശത്ത് വിക്കറ്റുകള്‍ വീണെങ്കിലും എട്ടാം വിക്കറ്റില്‍ ബ്രാഡ് ഇവാന്‍സിനെ കൂട്ടുപിടിച്ച് സികന്ദര്‍ റാസ നേടിയ സെഞ്ചുറി 115(94) ആഫ്രിക്കന്‍ ടീമിന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും ജയം കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞില്ല.
36ാം ഓവറില്‍ 169ന് 7 വിക്കറ്റ് എന്ന നിലയില്‍ നിന്നായിരുന്നു സിംബാബ്വേയുടെ അവിശ്വസനീയമായ പോരാട്ടം. റാസ-ഇവാന്‍സ് സഖ്യം 79 പന്തില്‍ നിന്ന് 104 റണ്‍സാണ് നേടിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ യുവ താരം ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ചുറി 130(97) മികവിലാണ് 289 റണ്‍സ് നേടിയത്.