സ്ഥിരം പരിക്ക് വേട്ടയാടുന്ന സിഎസ്‌കെ താരം ദീപക് ചഹാറിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ സ്ഥിര താമസക്കാരനായി ദീപക് മാറിയിരിക്കുകയാണെന്നും തുടര്‍ച്ചയായി നാല് മത്സരം പോലും കളിക്കാനാവുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമായ കാര്യമാണെന്നും ശാസ്ത്രി വിമര്‍ശിച്ചു.
ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ സ്ഥിര മെമ്പറാണ് ദീപക് ചഹാര്‍. ദീപക്കിനെ പോലെ ചില താരങ്ങള്‍ ഇപ്പോള്‍ എന്‍സിഎയിലെ സ്ഥിര മെമ്പര്‍മാരായി മാറിയിട്ടുണ്ട്. അധികം വൈകാതെ ഇവര്‍ക്കെല്ലാം അവിടെ വീട്ടുടമസ്ഥാവകാശം ലഭിക്കും. വീട്ടിലെ പോലെ എപ്പോള്‍ വേണമെങ്കിലും വരാനും പോകാനും അവസരം നല്‍കും. എന്നാല്‍ ഇതൊരു നല്ല കാര്യമല്ല. ഇങ്ങനെ പരിക്കേല്‍ക്കാവുന്ന തരത്തില്‍ ക്രിക്കറ്റ് ഇവരാരും കളിക്കുന്നില്ല.
തുടര്‍ച്ചയായി നാല് മത്സരം പോലും കളിക്കാനാവുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്. ദീപക്കൊന്നും എന്‍സിഎയില്‍ നിന്ന് വരേണ്ട. നാല് മത്സരം കഴിഞ്ഞ് വീണ്ടും അങ്ങോട്ട് പോകാനാണോ. താരങ്ങള്‍ എന്‍സിഎ വിടുന്നത് പൂര്‍ണമായും ഫിറ്റ്നസിലേക്കെത്തിയ ശേഷമാവണം. ഇങ്ങനെ പരിക്കേല്‍ക്കുന്നത് താരങ്ങളെ മാത്രമല്ല ടീമുകളെയും നിരാശപ്പെടുത്തുന്നു.
ടീമുകളുടെ നായകന്മാര്‍ക്കാണ് ഇത് വലിയ തലവേദനയായി മാറുന്നത്. ഇപ്പോഴത്തെ താരങ്ങളുടെ ഫിറ്റ്നസിനെ കുറിച്ചോര്‍ക്കുമ്പോള്‍ ശരിക്കും സങ്കടമുണ്ട്. വെറും മൂന്ന് മണിക്കൂര്‍ പോലും കളിക്കാനാവുന്നില്ല. അപ്പോഴേക്കും അവര്‍ പരിക്കേറ്റ് പുറത്തുപോവുകയാണ്. ഈ സാഹചര്യം ദൗര്‍ഭാഗ്യകരമാണ്- രവി ശാസ്ത്രി പറഞ്ഞു.