വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ പുതിയ ക്യാപ്റ്റനായി ഓൾറൗണ്ടർ അക്സർ പട്ടേലിനെ നിയമിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സീസണിന് മുന്നോടിയായി ഫ്രാഞ്ചൈസി ഇന്ന് രാവിലെയാണ് ഏറെ ദിവസങ്ങൾക്കുളിലെ ആകാംഷകൾക്ക് ഒടുവിൽ പ്രഖ്യാപനം നടത്തിയത്.
ദുബായിൽ നടന്ന ഇന്ത്യയുടെ വിജയകരമായ ഐസിസി ചാമ്പ്യൻസ് ട്രോഫി കാമ്പെയ്‌നിന്റെ ഭാഗമായിരുന്ന അക്സർ, ഋഷഭ് പന്തിന് കീഴിൽ കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനത്തിന്റെ ക്ഷീണം തീർക്കാനാണ് ഈ സീസണിൽ ഇറങ്ങുന്നത്. ഏഴ് സീസണുകളായി ഡൽഹി ക്യാപിറ്റൽസിന്റെ പ്രധാന താരമാണ് 31 കാരനായ അക്സർ. 150 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 131 ഓളം സ്‌ട്രൈക്ക് റേറ്റിൽ 1,653 റൺസ് നേടിയ അദ്ദേഹം 7.28 എന്ന മികച്ച ഇക്കണോമി റേറ്റിൽ 123 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഡിസിക്ക് വേണ്ടി 82 മത്സരങ്ങൾ കളിച്ച അദ്ദേഹം 967 റൺസ് നേടിയിട്ടുണ്ട്, 7.09 എന്ന മികച്ച ഇക്കണോമിയിൽ 62 വിക്കറ്റുകളും നേടിയിട്ടുണ്ട്.
2019 ൽ ക്യാപിറ്റൽസിൽ ചേർന്ന അക്‌സർ അതിനുശേഷം ആറ് സീസണുകളിലായി ഫ്രാഞ്ചൈസിക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച കളിക്കാരിൽ ഒരാളായി ഉയർന്നുവന്നു. “ഡൽഹി ക്യാപിറ്റൽസിനെ നയിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ ബഹുമതി തോന്നുന്നു, എന്നിൽ വിശ്വാസം അർപ്പിച്ചതിന് ഞങ്ങളുടെ ഉടമകളോടും സപ്പോർട്ട് സ്റ്റാഫിനോടും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്” എന്ന് ക്യാപ്റ്റനായി നിയമിതനായപ്പോൾ അക്‌സർ പറഞ്ഞു.
“ഡൽഹി ക്യാപിറ്റൽസിൽ ഞാൻ കളിക്കുന്ന സമയത്ത് ഒരു ക്രിക്കറ്റ് കളിക്കാരനായും മനുഷ്യനായും വളർന്നു, ഈ ടീമിനെ മുന്നോട്ട് നയിക്കാൻ തയ്യാറാണെന്നും ആത്മവിശ്വാസമുണ്ടെന്നും തോന്നുന്നു. വലിയ സാധ്യതകളുള്ള സന്തുലിതവും ശക്തവുമായ ഒരു ടീമിനെ ഒരുമിച്ചുകൂട്ടി ഞങ്ങളുടെ പരിശീലകരും സ്കൗട്ടുകളും മെഗാ ലേലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഗ്രൂപ്പിൽ ഞങ്ങൾക്ക് ധാരാളം നേതാക്കളുണ്ട്, അത് എനിക്ക് വളരെ സഹായകരമാണ്.” അദ്ദേഹം പറഞ്ഞു.
എന്തായാലും കന്നി കിരീടം ടീമിന് നേടി കൊടുക്കാനുള്ള ഒരുക്കത്തിലാണ് അക്സറും സംഘവും.