ധോണി അത്ഭുതപ്പെടുത്തിയില്ല, ഈ ഷോക്ക് വേണ്ടതെന്ന് രോഹിത്ത്

ധരംശാല : ശ്രീലങ്കയ്‌ക്കെതിരെ ധരംഷാലയില്‍ ഇന്ത്യ നേരിട്ട തോല്‍വി കണ്ണുതുറപ്പിച്ചെന്ന് നായകന്‍ രോഹിത്ത് ശര്‍മ്മ. തോല്‍ മറക്കാനാഗ്രഹിക്കുന്ന ഒന്നാണെങ്കിലും ചില തിരുത്തലുകള്‍ക്ക് ഈ തോല്‍വി സഹായകരമാകുമെന്നും രോഹിത്ത് വിലയിരുത്തുന്നു.

ടോസ് നഷ്ടപ്പെട്ടെങ്കിലും 70-80 റണ്‍സ് കൂടി അധികം കണ്ടെത്താനായിരുന്നെങ്കില്‍ കളി മാറിയേനെയെന്നും രോഹിത് അഭിപ്രായപ്പെട്ടു. ഇത്തരം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ കളിച്ച് തെളിയിക്കുകയെന്നത് പ്രധാനപ്പെട്ടതാണെന്നും രോഹിത്ത് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ഇന്നിങ്‌സിലെ ധോണിയുടെ പ്രകടനം തന്നെ അദ്ഭുതപ്പെടുത്തിയില്ലെന്നും രോഹിത് പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്യേണ്ടതെന്താണെന്ന് ധോണിയോളം അറിയാവുന്നവര്‍ വേറെയില്ല. അതുകൊണ്ടുതന്നെ എനിക്ക് അദ്ഭുതവും തോന്നിയില്ല. ധോണിക്ക് പിന്തുണയുമായി നിലയുറപ്പിക്കാന്‍ ഒരാള്‍ക്കുകൂടി സാധിച്ചിരുന്നെങ്കില്‍ വലിയ വ്യത്യാസം വന്നേനെ. ഞങ്ങള്‍ പന്ത് ചെയ്യുമ്പോഴും പിച്ചില്‍നിന്ന് സഹായം ലഭിച്ചിരുന്നു. എന്നാല്‍, 112 റണ്‍സെന്നത് തീരെ ചെറിയ ടോട്ടലായിപ്പോയി രോഹിത് പറഞ്ഞു.

കോഹ്‌ലിയുടെ അഭാവത്തില്‍ ടീമിന്റെ ക്യാപ്റ്റനെന്ന നിലയിലുള്ള അരങ്ങേറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് അത്ര രസമുള്ള അനുഭവമായിരുന്നില്ലെന്നും തോല്‍ക്കുന്ന ഭാഗത്തായിരിക്കാന്‍ ആര്‍ക്കും ഇഷ്ടമല്ലല്ലോ എന്നുമായിരുന്നു രോഹിത്തിന്റെ മറുപടി. അടുത്ത രണ്ടു മല്‍സരങ്ങളില്‍ ശക്തമായി തിരിച്ചുവരുന്നതിലാണ് ഇനി ടീമിന്റെ ശ്രദ്ധയെന്നും രോഹിത്ത് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ധരംശാലയിലെ പിച്ച് ബാറ്റിങ്ങിന് ഒട്ടും അനുയോജ്യമായിരുന്നില്ലെന്നു പറഞ്ഞ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ തിസാര പെരേര, ബോളര്‍മാരുടെ മികവാണ് ആദ്യ ഏകദിനത്തിലെ വിജയത്തിന് കാരണമെന്നും വ്യക്തമാക്കി.