ഗംഭീറിന് മനുഷ്യന്റെ ഭാവി പ്രവചിക്കാനുള്ള പ്രത്യേക കഴിവ് ഉണ്ടോ? അദ്ദേഹത്തിന്റെ ചില പ്രവചനങ്ങൾ കേട്ടാൽ നമുക്ക് അദ്ദേഹത്തിന് അങ്ങനെ ഒരു കഴിവ് ഉണ്ടെന്ന് തോന്നും. 2020 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന് മുന്നോടിയായി മുൻ ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) ക്യാപ്റ്റൻ എംഎസ് ധോണിക്ക് മോശം സീസൺ ഉണ്ടാകുമെന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ കൃത്യമായി പ്രവചിച്ചിരുന്നു. 2019 ലോകകപ്പ് സെമിഫൈനലിന് ശേഷവും കോവിഡ് -19 വരുത്തിവെച്ച ബുദ്ധിമുട്ട് കാരണവും ഒരു ഇടവേളക്ക് ശേഷം വിക്കറ്റ് കീപ്പർ-ബാറ്റർ ആദ്യമായി കളിക്കുന്നത് എങ്ങനെയെന്ന് ഗംഭീർ ചൂണ്ടിക്കാട്ടിയിരുന്നു. പരിശീലനത്തിൻ്റെ അഭാവം ബാറ്റ് താരത്തിന്റെ താളത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് കാരണം ഐപിഎൽ 2020 ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് മാറ്റിയിരുന്നു. 116.27 സ്‌ട്രൈക്ക് റേറ്റിൽ 14 മത്സരങ്ങളിൽ (12 ഇന്നിംഗ്‌സ്) അർദ്ധ സെഞ്ച്വറി ഇല്ലാതെ 200 റൺസ് മാത്രമാണ് ധോണിക്ക് നേടാനായത്. ഒരു പഴയ ആശയവിനിമയത്തിൽ ഗൗതം ഗംഭീർ സ്റ്റാർ സ്‌പോർട്‌സിനോട് ഇങ്ങനെ പറഞ്ഞു:
” ധോണി സീസണിൽ തിളങ്ങില്ല എന്ന് തോന്നുന്നു. കഴിഞ്ഞ ഒരു വർഷമായി അദ്ദേഹം കളിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു, ഐപിഎൽ വലിയ ക്രിക്കറ്റ് ടൂർണമെൻ്റായതിനാൽ കളിക്കുക എളുപ്പമാകില്ല. ക്രിക്കറ്റിൻ്റെ നിലവാരം ശരിക്കും ഉയർന്നതാണ്, അന്താരാഷ്ട്ര നിലവാരമുള്ള ബൗളർമാരെ നേരിടാൻ പരിശീലനം ഇല്ലാതെ സാധിക്കില്ല”
“അതിനാൽ, നിങ്ങൾ ഒരു വർഷമായി ക്രിക്കറ്റ് കളിക്കാത്തപ്പോൾ, മികച്ച ബോളിങ്ങിനെ നേരിടാൻ നിങ്ങൾ ബുദ്ധിമുട്ടും. അത് സാധാരണയായി എല്ലാ താരങ്ങൾക്കും സംഭവിക്കുന്നതാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.
ക്യാപ്റ്റനെന്ന നിലയിൽ 14 മത്സരങ്ങളിൽ നിന്ന് ആറ് വിജയങ്ങൾ മാത്രമാണ് എംഎസ് ധോണിക്ക് നേടാനായത്. നെറ്റ് റൺ റേറ്റ് (NRR) നോക്കി പഞ്ചാബ് കിംഗ്‌സിനും രാജസ്ഥാൻ റോയൽസിനും തുല്യ പോയിൻ്റുകൾ ഉണ്ടായിരുന്നിട്ടും പോയിൻ്റ് പട്ടികയിൽ സൂപ്പർ കിംഗ്‌സ് പുറകിൽ നിന്ന് രണ്ടാം സ്ഥാനത്താണ് പോരാട്ടം അവസാനിപ്പിച്ചത്.