ബിസിസിഐക്കെതിരേ ധോണിയും; കോഹ്ലിക്ക് പിന്തുണ

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെതിരെ (ബിസിസിഐ) രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി രംഗത്തു വന്നതിന് പിന്നാലെ സൂപ്പര്‍ താരം ധോണിയും രംഗത്ത്. വിദേശ രാജ്യങ്ങളിലടക്കം കളിക്കാന്‍ പോകുമ്പോള്‍ മതിയായ ഒരുക്കങ്ങള്‍ക്കു പോലും സമയം ലഭിക്കുന്നില്ലെന്ന് ബിസിസിഐയുടെ ആസൂത്രണത്തിലെ പോരായ്മകളെ ചൂണ്ടിക്കാട്ടി ധോണി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

വിദേശ രാജ്യങ്ങളിലെ സാഹചര്യങ്ങളുമായി ഇണങ്ങി ചേരാന്‍ താരങ്ങള്‍ക്കു സമയം ആവശ്യമാണ്. ചുരുങ്ങിയത് ആറ് മുതല്‍ പത്ത് ദിവസങ്ങളെങ്കിലും സാഹചര്യങ്ങളുമായി ഇണങ്ങാന്‍ ആവശ്യമാണ്. അതേസമയം, ഇന്ത്യന്‍ ടീമില്‍ വിദേശ പിച്ചുകളില്‍ കളിച്ചു പരിചയമുള്ള നിരവധി താരങ്ങളുണ്ട്. സമയം കിട്ടിയില്ലെങ്കിലും ഈ താരങ്ങളെല്ലാം മികച്ച പ്രകടനം നടത്തുന്നുണ്ടെന്നും ധോണി അഭിപ്രായപ്പെട്ടു.

കളിക്കാര്‍ക്ക് വിശ്രമം കൂടുതല്‍ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് വിരാട് കോഹ്ലി ബിസിസിഐക്കെതിരേ രംഗത്തു വന്ന നടപടി ശരിയാണെന്നും ധോണി വ്യക്തമാക്കി. അടുത്തടുത്ത ദിവസങ്ങളില്‍ കളിക്കേണ്ടി വരുന്നതിനാല്‍ താരങ്ങള്‍ക്ക് മതിയായ വിശ്രമവും തയ്യാറെടുപ്പ് നടത്താനുള്ള സമയവും ലഭിക്കുന്നില്ലെന്നാണ് കോഹ്ലി വ്യക്തമാക്കിയിരുന്നത്.