ഇതിഹാസ ഓൾറൗണ്ടർ യുവരാജ് സിംഗിൻ്റെ പിതാവും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യോഗ്‌രാജ് സിംഗ് അടുത്തിടെ എംഎസ് ധോണിയെ യുവിയുടെ കരിയർ നശിപ്പിച്ചുവെന്ന് പറഞ്ഞ് കുറ്റപ്പെടുത്തിയിരുന്നു . ഇന്ത്യൻ ക്രിക്കറ്റിന്, പ്രത്യേകിച്ച് 2007 ടി20 ലോകകപ്പിലും, 2011ലെ ഏകദിന ലോകകപ്പിലും ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിലുള്ള നിർണായക സംഭാവനകൾ നൽകിയിട്ടും ധോണി യുവരാജിൻ്റെ കരിയറിനെ നശിപ്പിച്ചുവെന്ന് ആരോപിച്ച് യോഗ്‌രാജിൻ്റെ പരാമർശങ്ങൾ ദീർഘകാലമായി ചർച്ചയായതാണ്.
യോഗ്‌രാജിൻ്റെ സമീപകാല പരാമർശങ്ങൾക്ക് ശേഷം, മകൻ യുവരാജിൻ്റെ ഒരു വീഡിയോ വൈറലായിട്ടുണ്ട്,. അതിൽ ലോകകപ്പ് ജേതാവ് തൻ്റെ പിതാവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പറയുന്നു. 2011ലെ ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ യുവരാജ്, തൻ്റെ പിതാവിൻ്റെ വിവിധ പ്രസ്താവനകളിൽ ഉത്കണ്ഠ രേഖപ്പെടുത്തി, തൻ്റെ പിതാവിന് “മാനസിക പ്രശ്നങ്ങൾ” ഉണ്ടെന്നും അത് അംഗീകരിക്കാൻ തയ്യാറല്ലെന്നും സൂചിപ്പിക്കുന്നു. ഒരു പോഡ്‌കാസ്റ്റിനിടെയാണ് യുവരാജ് ഈ അഭിപ്രായപ്രകടനം നടത്തിയത്. തൻ്റെ പിതാവിൻ്റെ ഇങ്ങനെയുള്ള നിരന്തരമായ ആരോപണങ്ങളിലുള്ള അസ്വാരസ്യം സൂചിപ്പിച്ചു.
“എൻ്റെ പിതാവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ഞാൻ കരുതുന്നു, അത് അംഗീകരിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല,” യുവരാജ് ഒരു പോഡ്‌കാസ്റ്റിൽ പറഞ്ഞു.
2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നിവയിലെ ഇന്ത്യയുടെ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ചതുൾപ്പെടെ, 17 വർഷം നീണ്ടുനിന്ന യുവരാജിൻ്റെ ക്രിക്കറ്റ് ജീവിതം ശ്രദ്ധേയമായ നേട്ടങ്ങളാൽ തിളങ്ങി. എന്നിരുന്നാലും, 2014 ന് ശേഷം, ഫോം ഔട്ട് ആയതിനാൽ അവസരങ്ങൾ കുറഞ്ഞു. 2017 ൽ വെസ്റ്റ് ഇൻഡീസിനെതിരായാണ് അദ്ദേഹത്തിൻ്റെ അവസാന അന്താരാഷ്ട്ര മത്സരം നടന്നത്. ടീമിൻ്റെ സെലക്ഷൻ തീരുമാനങ്ങളിൽ ധോണിയുടെ സ്വാധീനമാണ് ഈ പതനത്തിന് കാരണമെന്ന് യോഗ്‌രാജ് പറഞ്ഞു.