IPL 2025: ധോണിയുടെ റണ്ണൗട്ടിനെ ഇത്രമാത്രം പുകഴ്‌ത്താൻ ഇല്ല, അത് വെറും ചക്കയിട്ടു മുയൽ ചത്തു ആണ് ; മുൻ ചെന്നൈ താരം പറഞ്ഞത് ഇങ്ങനെ

മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരം റോബിൻ ഉത്തപ്പ, അബ്ദുൾ സമദിനെ പുറത്താക്കാൻ എംഎസ് ധോണിയുടെ നേരിട്ടുള്ള ത്രോ വെറും ഭാഗ്യം കൊണ്ട് സംഭവിച്ചത് ആണെന്ന് പറഞ്ഞിരിക്കുകയാണ്. സിഎസ്‌കെ ക്യാപ്റ്റൻ സ്റ്റമ്പിന് പിന്നിൽ നിന്ന് ഒരു അണ്ടർ ആം ത്രോ എറിഞ്ഞ് നോൺ സ്‌ട്രൈക്കർ എൻഡിലേക്ക് ഓടിയ സമദിന്റെ കുറ്റി തെറിപ്പിക്കുക ആയിരുന്നു. മത്സരത്തിൽ 5 വിക്കറ്റിന്റെ ജയം ചെന്നൈ സ്വന്തമാക്കിയപ്പോൾ ബാറ്റിംഗിലും ഫീൽഡിങ്ങിലും തിളങ്ങിയ ധോണി മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെ, ധോണിയുടെ ത്രോ ഒരു “ചക്കയിട്ടു മുയൽ ചത്തു” ആയിരുന്നുവെന്ന് ഉത്തപ്പ അഭിപ്രായപ്പെട്ടു. താനും ഒരു വിക്കറ്റ് കീപ്പറായിരുന്നുവെന്നും അതിനാൽ അത് ഒരു ഭാഗ്യം ആണെന്ന് തനിക്ക് അറിയാമെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം തന്റെ പരാമർശത്തെ ന്യായീകരിച്ചു.

“ഞാൻ കയ്യുറകൾ ധരിച്ച ഒരാളാണ്, ഇത് ഒരു ‘ചക്കയിട്ടു മുയൽ ചത്തു’ ആയിരുന്നുവെന്ന് എനിക്കറിയാം,” ഉത്തപ്പ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

പതിരാണയുടെ ഓവറിൽ ആയിരുന്നു സംഭവം. അബ്‌ദുൾ സമദിന് നേരെ ലെഗ് സൈഡ് വൈഡ് എറിഞ്ഞ പാതിരാണ നിന്നപ്പോൾ ഒരു ക്വിക്ക് സിംഗിളിന് നോൺ സ്‌ട്രൈക്കർ എൻഡിൽ നിന്ന നായകൻ പന്ത് നിർദേശം നൽകുക ആയിരുന്നു. എന്നാൽ പന്തിന്റെ നിർദ്ദേശം അനുസരിച്ച് റൺ ഓടാൻ അൽപ്പം ലേറ്റായ സമദിനെ ഞെട്ടിച്ചുകൊണ്ട് ധോണിയുടെ ഒരു അണ്ടർ ആം ത്രോ നോൺ സ്‌ട്രൈക്കർ എൻഡിലേക്ക് ഓടിയ താരത്തിന്റെ കുറ്റി തെറിപ്പിച്ചു. റിവ്യൂവിന് കാത്തുനിൽക്കാതെ സമദ് നടക്കുകയും ചെയ്‌തു.