അന്ന് ധോണി ഇന്ന് രാഹുൽ, സഞ്ജീവ് ഗോയങ്കിന്റെ ഇരയായി അടുത്ത നായകൻ; ചരിത്രം ആവർത്തിക്കുമ്പോൾ മെഗാ ലേലത്തിന് മുമ്പ് അത് ഉറപ്പിക്കാം

ക്രിക്കറ്റ് വലിയ അനിശ്ചിതത്വങ്ങളുടെ ഒരു കായിക വിനോദമാണ്. ചിലപ്പോൾ അത് നിങ്ങൾക്ക് അനുകൂലമായി വരാം, ചിലപ്പോൾ ആകട്ടെ അത് നിങ്ങൾക്ക് പ്രതികൂലമായി മാറാം. ഐപിഎൽ ചരിത്രത്തിൽ ബാറ്റർമാർ ബോളര്മാര്ക്ക് മേൽ ആധിപത്യം സ്ഥാപിക്കുന്ന ഒരു സീസണിൽ വിനാശകരമായ ബാറ്റിംഗ് സ്ഫോടനം തീർക്കാൻ ശേഷിയുള്ള രണ്ടു ബാറ്റർമാർക്ക് മുന്നിലാണ് ലക്നൗ 165 റൺ വിജയലക്ഷ്യം ഉയർത്തിയത്. ഹൈദരാബാദ് ഓപ്പണർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും ചേർന്ന് ക്രിക്കറ്റ് ഗെയിമിൽ ഈസി മോഡ് കളിക്കുന്ന ലാഘവത്തിൽ സ്കോർ മറികടക്കുകയും ചെയ്തു.

ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ രണ്ട് അറ്റാക്കിംഗ് ഓപ്പണർമാരും ആവേശഭരിതരായി ബാറ്റ് ചെയ്ത് 9.4 ഓവറിൽ 167 റൺസ് കൂട്ടിച്ചേർത്തു ഓറഞ്ച് ആർമിക്ക് വിജയം നേടിക്കൊടുത്തു. 10 വിക്കറ്റിന്റെ ഈ വിജയം ഐപിഎൽ 17-ാം സീസണിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി. മത്സരത്തിന്റെ വേഗത എല്ലാവരെയും അമ്പരപ്പിച്ചു. ജയം ഹൈദരാബാദിന്റെ പ്ലേ ഓഫ് സാധ്യതകൾ വർധിപ്പിക്കാൻ സഹായിച്ചപ്പോൾ അത് ലക്നൗ ടീമിന്റെ സാധ്യതകൾ തല്ലികെടുത്തുന്ന രീതിയിൽ ആയി. നായകൻ എന്ന നിലയിൽ മാത്രമല്ല ഒരു ബാറ്റർ എന്ന നിലയിലും സമ്പൂർണമായി പരാജയപ്പെട്ട ലക്നൗ നായകനെതിരെ ടീം സഞ്ജീവ് ഗോയങ്ക രംഗത്ത് വന്നിരിക്കുന്നു.

വൈറൽ വീഡിയോയിൽ, ഉടമ ദേഷ്യത്തോടെ ഓപ്പണിംഗ് നായകനെ ശകാരിക്കുന്നത് കാണാൻ സാധിച്ചു. മത്സരത്തിൽ തനിക്ക് ഇഷ്ടപ്പെടാത്ത കാര്യം സഞ്ജീവ് ചൂണ്ടിക്കാണിച്ചു. മോശം ദിവസമായതിനാൽ രാഹുലിന് ശാന്തമായി കേൾക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. ലക്നൗ ഉടമയുടെ പരസ്യ ശാസന ശരിയായില്ല എന്നും അതൊക്കെ ഇത്ര ആളുകളുടെ മുന്നിൽ വേണ്ട എന്നും പറയുന്നവർ ഉണ്ട്. ചിലർ അദ്ദേഹം ചെയ്ത നടപടിയെ അനുകൂലിക്കുന്നു. ലക്നൗ സമ്പൂർണ പരാജയമായി മാറിയ മത്സരത്തിൽ ടീം ഉടമക്ക് ദേഷ്യം തോന്നുന്നത് സ്വാഭാവികം ആണെങ്കിലും അത് പ്രകടിപ്പിച്ച രീതി പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നു. താരങ്ങളും മനുഷ്യർ ആണെന്നുള്ളത് ഉടമ മറക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. എന്തായാലും മുമ്പും ഇത്തരം പെരുമാറ്റങ്ങളുടെ പേരിൽ കുപ്രസിദ്ധനായ ഉടമ അടുത്ത മെഗാ ലേലത്തിന് മുമ്പ് രാഹുലിനെ നായക സ്തനട്ടത് നിന്ന് പുറത്താക്കുമെന്നും വേണമെങ്കിൽ വിൽക്കുമെന്നും ഉറപ്പിക്കാം.

ചരിത്രം ആവർത്തിച്ചാൽ റൈസിങ് പൂനെ സൂപ്പർജയൻറിൻ്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് എംഎസ് ധോണിയെയും പ്രകടനത്തിൻ്റെ പേരിൽ ഇതേ ഉടമകൾ പുറത്താക്കിയിരുന്നു. 2016 ൽ ചെന്നൈ സൂപ്പർ കിങ്‌സ് വിലക്ക് നേരിട്ട സാഹചര്യത്തിൽ ധോണി ആയിരുന്നു ടീം നായകൻ. ആ സസീസണിൽ ടീം അവസാന സ്ഥാനത്താണ് പോരാട്ടം അവസാനിപ്പിച്ചത്. 2017 സീസണിൻ്റെ തുടക്കത്തിൽ സ്റ്റീവ് സ്മിത്തിനെ നായകനാക്കി. അന്ന്, സഞ്ജീവ് ഗോയങ്ക തനിക്ക് യുവത്വവും യോഗ്യതയുമുള്ള താരത്തെ നായകൻ ആയി വേണം എന്നുള്ള അഭിപ്രായമാണ് പറഞ്ഞത്.

Read more

ചില പ്രസിദ്ധീകരണങ്ങൾ ആ സീസണിൽ ധോണിയുടെ പെരുമാറ്റത്തിൽ പൂനെ മാനേജ്‌മെൻ്റ് തൃപ്തനല്ലെന്ന് അഭിപ്രായപ്പെട്ടു. ടീം മീറ്റിംഗുകൾ ധോണി മനഃപൂര്വമായി നഷ്ടപെടുത്താറുണ്ടെന്നായിരുന്നു ഉടമയുടെ പരാതി. എന്നാൽ കേവലം ഒരു സീസൺ കൊണ്ട് പുതിയ ഒരു ടീമിന്റെ നായകൻ ആയി എത്തിയ തന്നെ വിലകുറച്ച് കണ്ട ഉടമയോട് ധോണിക്കും കലിപ്പ് ആയിരുന്നു.