ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള താരമാണ് ഗബ്ബാർ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ശിഖർ ധവാൻ. ഐസിസി ടൂർണമെന്റുകളിൽ ഏറ്റവും സ്ഥിരതയോടെ തിളങ്ങുന്ന ഇന്ത്യൻ താരം കൂടിയാണ് ധവാൻ. ഇപ്പോഴിതാ താരം ഒരു റെക്കോർഡ് കുറിച്ചിരിക്കുകയാണ്. 15 വർഷം നീണ്ട ടി20 കരിയറിൽ, 2007ൽ ഡൽഹിക്ക് വേണ്ടി അരങ്ങേറിയ ശേഷം, ടി20 ക്രിക്കറ്റിൽ 1000 ബൗണ്ടറികൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി ഈ ഇടംകൈയ്യൻ ചരിത്രം സൃഷ്ടിച്ചു.
കെ എൽ രാഹുൽ എത്തിയതോടെ ഇന്ത്യയുടെ ഓപ്പണർ സ്ഥാനം നഷ്‌ടമായ ധവാൻ ഏറ്റവും മികച്ച സീസണോടെ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. കട്ട് ഷോട്ടുകൾ കളിയ്ക്കാൻ ഏറെ ഇഷ്ടപെടുന്ന താരം പവർ പ്ലേ ഓവറുകളിലാണ് കൂടുതൽ അപകടകാരി. കഴിഞ്ഞ വർഷത്തെ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമായ താരം തകർപ്പൻ ഫോമിലായിരുന്നു. ഈ സീസണിൽ പതിവ് ട്രാക്കിൽ എത്തിയിലെങ്കിലും ശരാശരി റൺ കണ്ടെത്താൻ സാധിക്കുന്നുണ്ട്.
1000 ബൗണ്ടറികൾ നേടുന്ന അഞ്ചാമതി താരവും ഏഷ്യയിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം എന്ന നേട്ടവും ധവാന് ഇന്നലെ ലഭിച്ചു. മികച്ച പ്രകടനത്തിലൂടെ പഞ്ചാബിനെ വിജയവഴിയിൽ കൊണ്ടുവരാനാണ് താരം ശ്രമിക്കുന്നത്