ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മുന്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മിന്നും പ്രകടനമാണ് ഡല്‍ഹി ക്യാപിറ്റല്‍സിനായി ഡേവിഡ് വാര്‍ണര്‍ പുറത്തെടുത്തത്. മത്സരത്തില്‍ വാര്‍ണര്‍ 58 ബോളില്‍ 92 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അവസാന ഓവറില്‍ സെഞ്ചറിയിലേക്ക് എട്ടു റണ്‍സ് മാത്രമായിരുന്നു വാര്‍ണര്‍ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ സ്‌ട്രൈക്ക് ലഭിച്ചത് റോവ്മാന്‍ പവലിനും. ഇപ്പോഴിതാ സ്‌ട്രൈക്ക് കൈമാറണോ എന്ന് താന്‍ ചോദിച്ചപ്പോള്‍ വാര്‍ണര്‍ നല്‍കിയ മറുപടി വെളിപ്പെടുത്തിയിരിക്കുകയാണ് റോവ്മാന്‍ പവല്‍.
‘സെഞ്ച്വറി നേടാന്‍ സിംഗിള്‍ എടുത്ത് സ്ട്രൈക്ക് കൈമാറണോ എന്ന് ഞാന്‍ വാര്‍ണറിനോട് ചോദിച്ചു. ശ്രദ്ധിക്കൂ, അങ്ങനെയല്ല ക്രിക്കറ്റ് കളിക്കേണ്ടത്. നിനക്ക് കഴിയുന്നത്ര ദൂരേക്ക് അടിച്ച് പറത്തുകയാണ് വേണ്ടത് എന്നാണ് വാര്‍ണര്‍ മറുപടി നല്‍കിയത്. ഞാന്‍ അത് പോലെ ചെയ്തു’ റോവ്മാന്‍ പവല്‍ പറഞ്ഞു.
വാര്‍ണറിന്റെ നിര്‍ദ്ദേശം അതുപോലെ സ്വീകരിച്ച പവല്‍ അവസാന ഓവറില്‍ 19 റണ്‍സാണ് അടിച്ചെടുത്തത്. ഇതിലൂടെ ടീം ടോട്ടല്‍ 200 കടക്കുകയും ചെയ്തു. പവലിന്റെ ഓരോ ഹിറ്റിനും ആവേശത്തോടെ കൈയടിക്കുന്ന വാര്‍ണറെയും കളത്തില്‍ കാണാമായിരുന്നു.
മത്സരത്തില്‍ 21 റണ്‍സിനാണ് ഡല്‍ഹി ജയിച്ചു കയറിയത്. സ്‌കോര്‍: ഡല്‍ഹി 20 ഓവറില്‍ 3 വിക്കറ്റിന് 207. ഹൈദരാബാദ് 20 ഓവറില്‍ 8 വിക്കറ്റിന് 186. വാര്‍ണറാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്.