ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനത്തിലെ ജസ്പ്രീത് ബുംറ, മാര്‍ക്കോ ജാന്‍സണ്‍ പോര് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. ഇപ്പോഴിതാ ഈ സംഭവത്തില്‍ അഭിപ്രായപ്രകടനം നടത്തി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ബുംറയുടെ ഈ മുഖം തനിക്ക് ഇഷ്ടമല്ലെന്നാണ് മഞ്ജരേക്കര്‍ പറഞ്ഞത്.
‘ഈ വാക് പോരാട്ടം കൗതുകകരമാണ്. ഇംഗ്ലണ്ടിലും ഇത് സംഭവിച്ചു. ബുംറയുടെ ഈ മുഖം എനിക്കിഷ്ടമല്ല. ബുംറയില്‍ നിന്ന് കാണാന്‍ ആഗ്രഹിക്കാത്ത കാര്യമാണിത്. സാഹചര്യം വളരെ ചൂടേറിയതാണെന്നാണ് കരുതുന്നത്. എന്നാല്‍ ബുംറയെ എല്ലായ്പ്പോഴും ഉള്ള പോലെ ചിരിക്കുന്ന മുഖവുമായി കാണാനാണ് ഇഷ്ടം ‘സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.
ഇന്ത്യന്‍ ഇന്നിംഗ്സില്‍ 54ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ ആദ്യത്തെ ബോള്‍ ബൗണ്‍സറായിരുന്നു. ബുംറ വമ്പന്‍ ഷോട്ടിനു ശ്രമിച്ചെങ്കിലും ടൈമിംഗ് പാളിയതോടെ വലതുതോളിലാണ് വന്നുപതിച്ചത്. അടുത്തതും സമാനമായ ബോളായിരുന്നു. ഫലം ആദ്യത്തേതു തന്നെയായിരുന്നു. തോളില്‍ തന്നെയാണ് പന്ത് പതിച്ചത്. ബുംറ ചിരിയോടെയായിരുന്നു ഇതിനോടു പ്രതികരിച്ചതെങ്കില്‍ മറുവശത്ത് ജാന്‍സണ്‍ കണ്ണുരുട്ടി പ്രകോപിപ്പിക്കാന്‍ നോക്കുകയായിരുന്നു.
തുടര്‍ന്നുള്ള ബോളും ഷോര്‍ട്ട് തന്നെ. ഷോട്ടിനു ശ്രമിച്ച് ബുംറ വീണ്ടും പരാജയപ്പെട്ടു, പന്ത് തോളിലും തട്ടിത്തെറിച്ചു. ജാന്‍സണിന്റെ കണ്ണുരുട്ടലും ബുംറയുടെ ചിരിയും തുടര്‍ന്നു. എന്നാല്‍ നാലാമത്തെ ബോളിനു ശേഷം രംഗം വഷളായി. ഇത്തവണയും ഷോട്ടിനു മുതിര്‍ന്ന ബുംറ പരാജയപ്പെട്ട ശേഷം ജാന്‍സണ്‍ കണ്ണുരുട്ടകയും പ്രകോപനപരമായി എന്തോ പറയുകയും ചെയ്തു. ഇതോടെ ബുംറയും ചൂടായി.
തിരിച്ചും എന്തോ പറയുന്നതിനൊപ്പം ജാന്‍സണെ കൈ കൊണ്ട് അടുത്തേക്ക് വിളിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും മുഖാമുഖം നിന്ന് കൊമ്പുകോര്‍ത്തതോടെ അമ്പയര്‍ ഓടിയെത്തി ഇരുവരെയും പിന്മാറ്റി. ദക്ഷിണാഫ്രിക്കന്‍ താരങ്ങളും നോണ്‍ സ്ട്രൈക്കറായ ഹനുമാ വിഹാരിയും ഇടപെട്ട് രംഗം ശാന്തമാക്കി. കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന താരമാണ് ജാന്‍സണ്‍.