അവിസ്മരണീയമായ അരങ്ങേറ്റത്തിന് ശേഷം തൻ്റെ രണ്ടാം ടെസ്റ്റ് സീസണിനായി തയ്യാറെടുക്കുന്ന ഇന്ത്യയുടെ വളർന്നുവരുന്ന സൂപ്പർതാരം യശസ്വി ജയ്‌സ്വാളിന് സഹതാരം ജസ്പ്രീത് ബുംറയിൽ നിന്ന് നെറ്റ്സിൽ കടുത്ത വെല്ലുവിളി നേരിട്ടു. രോഹിത് ശർമ്മയുടെ നായകത്വത്തിന് കീഴിലുള്ള ഇന്ത്യ, സെപ്തംബർ 19 മുതൽ തങ്ങളുടെ നീണ്ട ടെസ്റ്റ് സീസൺ ആരംഭിക്കും. രണ്ട് തവണ ഡബ്ല്യുടിസി ഫൈനലിസ്റ്റുകൾ ആയ ഇന്ത്യ ബംഗ്ലാദേശിനെതിരെ രണ്ട് മത്സര ടെസ്റ്റ് കളിച്ചതിന് ശേഷം ന്യൂസിലൻഡിനെ മൂന്ന് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും. ഇതിന് പിന്നാലെ 2024-25ലെ ബോർഡർ ഗവാസ്‌കർ ട്രോഫിക്കായി ഇന്ത്യ ഓസ്‌ട്രേലിയയിൽ പര്യടനം നടത്തും.
ആദ്യ ടെസ്റ്റ് ആരംഭിക്കുന്നതിന് മുമ്പ്, ടീം ഇന്ത്യ തീവ്രമായ പരിശീലന സെഷനിൽ ഏർപ്പെട്ടിരുന്നു, അവിടെ യുവതാരം യശസ്വി ജയ്‌സ്വാൾ സഹതാരമായ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയിൽ നിന്നും വെല്ലുവിളികൾ നേരിട്ടു. നിലവിലെ സാഹചര്യത്തിൽ ഏറ്റവും മികച്ച പേസറായി കണക്കാക്കപ്പെടുന്ന ബുംറ. അദ്ദേഹം ബാറ്റ് ചെയ്യുന്ന സമയത്ത് ബുംറ പലവട്ടം ഓഫ് സ്റ്റമ്പ് തകർത്തെറിഞ്ഞു. അദ്ദേഹം മാത്രമല്ല, നെറ്റ് ബൗളർമാരായ സിമർജീത് സിംഗ്, ഗുർനൂർ ബ്രാർ, ഗുർജൻപ്രീത് സിംഗ് എന്നിവരും ജയ്‌സ്വാളിനെ വിഷമിപ്പിച്ചു.
പേസ്, ബൗൺസ്, സ്വിംഗ് എന്നീ മൂന്ന് വശങ്ങളിലും ജയ്‌സ്വാൾ ബഹിമുട്ടുന്നത് കണ്ടപ്പോൾ, ഇതിഹാസ ബാറ്റർ വിരാട് കോഹ്‌ലി ഇടപെട്ട് യുവ ബാറ്ററിന് ചില ഉപദേശങ്ങൾ നൽകി. വരാനിരിക്കുന്ന ടെസ്റ്റിലൂടെ റെഡ്-ബോൾ ഫോർമാറ്റിൽ തൻ്റെ തിരിച്ചുവരവ് നടത്തുന്ന കോഹ്‌ലി ജയ്‌സ്വാളിന് പിഴച്ച മേഖലകൾ ചൂണ്ടിക്കാട്ടി. പിന്നീട് ഇരുവരും മാറിമാറി ഒരു മണിക്കൂറോളം 50 പന്തുകൾ നേരിട്ടു.
യുവ ബാറ്ററെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അൽപ്പം മോശമാണെന്ന് തോന്നുമെങ്കിലും, പരിശീലന സെഷനിൽ കോഹ്‌ലി തൻ്റെ ക്ലാസിക് ഫോമിൽ കാണപ്പെട്ടു. 35-കാരൻ തൻ്റെ ട്രേഡ്മാർക്ക് കവർ ഡ്രൈവുകളും ഓൺ-ഡ്രൈവുകളും കളിച്ചു. അപകടത്തിന് ശേഷം ആദ്യമായി ഇന്ത്യയ്‌ക്കായി ടെസ്റ്റ് കളിക്കാൻ ഇറങ്ങുന്ന റിഷഭ് പന്ത് ഇടംകയ്യൻ സ്പിന്നർമാരെ അനായാസം കൈകാര്യം ചെയ്യുന്നതായി കാണപ്പെട്ടു.