കണ്ടെടാ ഭാവി അനിൽ കുംബ്ലെയെ, ആ താരം ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നു; സൂപ്പർ സ്പിന്നറെക്കുറിച്ച് നവജ്യോത് സിംഗ് സിദ്ധു

ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്പിന്നർമാരുടെ സഹായത്തോടെ പല മത്സരങ്ങളിലും ആധിപത്യം നേടുന്ന കാഴ്ച തുടരുകയാണ്. സുനിൽ നരെയ്ൻ ബാറ്റിംഗിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങുമ്പോൾ വരുൺ ചക്രവർത്തി പതുക്കെ ഫോമിലേക്ക് മടങ്ങിയെത്തുകയാണ്. ഡൽഹി ക്യാപിറ്റൽസിനെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുൺ ടീമിനെ 7 വിക്കറ്റിന് വിജയിപ്പിക്കാൻ സഹായിച്ചു. 32 കാരനായ താരമാണ് പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടതും.

വരുണിനെ ഇതിഹാസ ക്രിക്കറ്റ് താരം അനിൽ കുംബ്ലെയുമായി താരതമ്യം ചെയ്ത് മുൻ ഇന്ത്യൻ താരം നവജ്യോത് സിംഗ് സിദ്ധു രംഗത്ത് എത്തിയിരിക്കുകയാണ്. ആഭ്യന്തര ഗെയിമുകളിലൊന്നിൽ കീർത്തി ആസാദിന്റെ ഹെല്മറ്റിൽ പന്ത് കൊള്ളിച്ച ശേഷമാണ് സിദ്ദു മുൻ സ്പിന്നർക്ക് ജംബോ എന്ന പേര് നൽകിയത്.

“അനിൽ കുംബ്ലെയുടെ രീതികളാണ് വരുൺ ഓർമിപ്പിക്കുന്നത്. ബാറ്ററിന് പ്ലാനുകൾ ക്രമീകരിക്കാൻ സമയം ലഭിക്കുന്നില്ല. കുംബ്ലെയെപ്പോലെ പൊക്കമുള്ള വരുണിന് സമാനമായ ബൗളിംഗ് ആക്ഷൻ ഉണ്ട്. അനിൽ വിക്കറ്റിൽ ശക്തമായി ഇടിക്കാറുണ്ടായിരുന്നു, അദ്ദേഹത്തിൻ്റെ ആക്ഷൻ കാരണം പന്ത് ധാരാളം ബൗൺസ് നേടി, വരുണും ഇത് പോലെ തന്നെയാണ്.”

‘വരുണിനെ നേരിടുക എളുപ്പമല്ല, അവൻ ബാറ്റർമാരെ സെറ്റിൽ ചെയ്യാൻ അനുവദിക്കാതെ പന്തുകൾ എറിയുന്നു. അവൻ ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നു. ”നവജ്യോത് സിംഗ് സിദ്ദു സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

വരുണിനെ ഭാവിയിൽ പരിഗണിക്കണമെന്നും മുഹമ്മദ് കൈഫ് ആവശ്യപ്പെട്ടു. 2021ലെ ഐസിസി ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. അന്നുമുതൽ, അദ്ദേഹം വിക്കറ്റുകളുടെ കൂട്ടത്തിലുണ്ട്. മികച്ച ഇന്ത്യൻ സ്പിന്നർമാരിൽ ഒരിടത്തും അദ്ദേഹത്തിൻ്റെ പേര് ഇല്ല. അദ്ദേഹം ഇന്ത്യൻ ടീമിൽ ഉണ്ടായിരിക്കണമെന്ന് എനിക്ക് തോന്നുന്നു, ”അദ്ദേഹം പറഞ്ഞു.