തെളിവില്ലാതെ സംസാരിക്കരുത്, ഗവാസ്‌കര്‍ അല്‍പ്പം കലിപ്പിലാണ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചെന്ന ആരോപണം തള്ളി ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. വിഷയത്തില്‍ തെളിവില്ലാതെ സംസാരിക്കരുതെന്ന് ഗവാസ്‌കര്‍ ആവശ്യപ്പെട്ടു.

പരമ്പരയില്‍ 2-1ന് മുന്നിലെത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ കഠിനാധ്വാനം ചെയ്തു. മാഞ്ചസ്റ്ററില്‍ ബൗളര്‍മാര്‍ക്ക് സഹായം ലഭിച്ചേനെ. പിന്നെ എന്തിന് അവര്‍ കളിക്കില്ലെന്ന് പറയണം. ഇന്ത്യന്‍ താരങ്ങള്‍ കളിക്കാന്‍ ആഗ്രഹിച്ചിരിക്കണം. കാരണം പരമ്പര അവര്‍ക്ക് 3-1ന് ജയിക്കാന്‍ കഴിയുമായിരുന്നു. അതിനാല്‍ അവസാന ടെസ്റ്റിന് ഇറങ്ങാന്‍ വിരാട് കോഹ്ലിയും കൂട്ടരും വിമുഖത കാട്ടിയെന്ന ആരോപണം ഞാന്‍ അംഗീകരിക്കില്ല- ഗവാസ്‌കര്‍ പറഞ്ഞു.

ഇന്ത്യന്‍ കളിക്കാര്‍ പിന്മാറിയെങ്കില്‍ ബിസിസിഐയാണ് അതു സ്ഥിരീകരിക്കേണ്ടത്. തെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കരുത്. ലണ്ടനിലെ പുസ്തക പ്രകാശനമാണ് ഇന്ത്യയെ കുഴപ്പത്തിലാക്കിയതെന്ന വാദം ശരിയല്ല. പുസ്തക പ്രകാശനത്തിനുശേഷം നടത്തിയ പരിശോധനയില്‍ താരങ്ങളെല്ലാം കോവിഡ് നെഗറ്റീവായിരുന്നു. മത്സരത്തിന് മുന്നോടിയായുള്ള പരിശോധനകളുടെ ഫലവും നെഗറ്റീവായിരുന്നെന്ന് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.