ഇംഗ്ലണ്ട് ഇന്നിംഗ്സ് പുരോഗമിക്കുന്നതിനിടെ വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ് രോഹിത് ശർമ്മയും സർഫറാസ് ഖാനും. സർഫറാസ് ഖാൻ എന്ന യുവതാരം കാണിച്ച മണ്ടത്തരത്തിന് അദ്ദേഹത്തെ വഴക്ക് പറഞ്ഞാണ് രോഹിത് ആരാധകരുടെ കൈയടി നേടിയത്. ഇംഗ്ലണ്ട് ഇന്നിങ്സിനിടെ സർഫറാസ് ഷോർട് ലെഗിൽ ബാറ്റ് ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം.
ഷോർട് ലെഗിൽ ഫീൽഡ് ചെയ്യുക ആയിരുന്ന സർഫറാസ് ഹെൽമെറ്റ് ഉപയോഗിച്ചിരുന്നില്ല. അപകടം പിടിച്ചുള്ള സ്ഥാനത്ത് ഫീൽഡ് ചെയ്യുമ്പോൾ ഹെൽമെറ്റ് ഉപയോഗിക്കാതിരുന്നാൽ ഉണ്ടാകുന്ന അപകടത്തെക്കുറിച്ച് താരം അത്രമാത്രം ബോധവാനായിരുന്നില്ല എന്ന് പറയാം. നായകൻ രോഹിത് ഇത് കാണുകയും താരത്തോട് ഹെൽമെറ്റ് ധരിക്കാൻ ആവശ്യപ്പെടുകയും ആയിരുന്നു- ” ഹെൽമെറ്റ് ധരിക്കാതെ നീ അങ്ങനെ ഹീറോ ആകേണ്ട, പോയി ഹെൽമെറ്റ് വെക്കുക.” . നായകൻ പറഞ്ഞത് അനുസരിച്ച് താരം ഹെൽമറ്റ് ധരിക്കുകയും ചെയ്തു.
ഫീൽഡിൽ തന്റെ സഹതാരങ്ങളുടെ ഓരോ ചലനങ്ങളും ശ്രദ്ധിക്കുന്ന രോഹിതിനെ ആരാധകർ ഈ പ്രവർത്തിക്കു അഭിനന്ദിക്കുകയും ചെയ്തു. മത്സരത്തിലേക്ക് വന്നാൽ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 192 റൺസ് വിജയലക്ഷ്യം. ആദ്യ ഇന്നിംഗ്‌സിൽ 46 റൺസുമായി രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിനിറങ്ങിയ സന്ദർശകർ മൂന്നാം ദിനം 145 റൺസിന് ഓൾഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആർ അശ്വിനും നാല് വിക്കറ്റ് വീഴ്ത്തിയ കൂൽദീപ് യാദവും ചേർന്നാണ് ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് വീഴ്ത്തി.
അർദ്ധ സെഞ്ച്വറി നേടിയ ഓപ്പണർ സാക്ക് ക്രാളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. താരം 60 റൺസെടുത്തു. ജോണി ബെയർസ്‌റ്റോ 30 റൺസെടുത്തു. മറ്റാർക്കും ഇംഗ്ലണ്ട് നിരയിൽ കാര്യമായ സംഭാവന ചെയ്യാൻ സാധിച്ചില്ല.
നേരത്തേ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 307 റൺസിൽ അവസാനിച്ചിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലിന്റെ അർദ്ധ സെഞ്ചുറിയാണ് (149 പന്തിൽ 90) മൂന്നാംദിനം ഇന്ത്യയെ 300 കടത്തിയത്. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ നേരത്തേ 353 റൺസെടുത്തിരുന്നു.