'സമയം പാഴാക്കാതെ ടീം ഇന്ത്യയെ പരിശീലിപ്പിക്കാന്‍ തിരിച്ചുവരൂ'; സൂപ്പര്‍ പരിശീലകനോട് നിലവിലെ ടീം വിടാന്‍ അഭ്യര്‍ത്ഥിച്ച് ഹര്‍ഭജന്‍ സിംഗ്

നിലവിലെ പാകിസ്ഥാന്‍ പരിശീലകന്‍ ഗാരി കിര്‍സ്റ്റണോട് ടീം വിട്ട് ഇന്ത്യന്‍ ടീമിനെ പരിശീലകനായി മടങ്ങിവരണമെന്ന് അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. പാകിസ്ഥാന്‍ ടീമിനൊപ്പം നിന്ന് സമയം പാഴാക്കരുതെന്നും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി വരണമെന്നും ഹര്‍ഭജന്‍ എക്‌സില്‍ കുറിച്ചു.

അവിടെ സമയം പാഴാക്കരുത് ഗാരി .. കോച്ചായി ടീം ഇന്ത്യയിലേക്ക് മടങ്ങിവരിക .. ഗാരി കിര്‍സ്റ്റണ്‍ അപൂര്‍വങ്ങളില്‍ ഒന്നാണ്. 2011 ഞങ്ങളുടെ ടീമിലെ എല്ലാവരുടെയും മികച്ച പരിശീലകനും ഉപദേശകനും സുഹൃത്തും… 2011 ലോകകപ്പ് വിജയിച്ച ഞങ്ങളുടെ പരിശീലകന്‍. സ്‌പെഷ്യല്‍ മാന്‍ ഗാരി ഗാരിബകിര്‍സ്റ്റണ്‍,’ എന്നാണ് ഹര്‍ഭജന്‍ എക്സില്‍ കുറിച്ചത്.

പാകിസ്ഥാന്റെ പരിശീലകന സ്ഥാനത്ത ഗാരിയുടെ തുടക്കം അത്ര സുഖകരമല്ല. ഇംഗ്ലണ്ട് ടീമിനെതിരായ നാല് ടി20 മത്സരങ്ങള്‍ക്ക് മുന്നോടിയായി പാകിസ്ഥാന്റെ ഉത്തരവാദിത്തം ഗാരിക്ക് നല്‍കിയെങ്കിലും പരമ്പരയില്‍ പാക് ടീം പരാജയപ്പെട്ടു. പിന്നാലെ ലോകകപ്പിലെ പരാജയം ദക്ഷിണാഫ്രിക്കന്‍ ഇതിഹാസത്തിന് തിരിച്ചടിയായി.

ടി20 ലോകകപ്പില്‍ സൂപ്പര്‍ 8ല്‍ പോലും കടക്കാനാകാതെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പാക് ടീം പുറത്തായി. തങ്ങളുടെ ആദ്യ മത്സരത്തില്‍ കുഞ്ഞന്മാരായ യുഎസ്എയോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ പാക് പട, രണ്ടാം മത്സരത്തില്‍ ഇന്ത്യയോടും തോറ്റു.