പ്ലേഓഫ് മത്സരങ്ങള്‍ക്കു തയ്യാറെടുക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനും ടി20 ലോക കപ്പിന് തയ്യാറെടുക്കുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനും അപ്രതീക്ഷിത തിരിച്ചടിയേകി ഓള്‍റൗണ്ടര്‍ സാം കറെന്റ പിന്മാറ്റം. പുറംഭാഗത്തേറ്റ പരിക്കിനെ തുടര്‍ന്ന് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നും അതിനു ശേഷം ആരംഭിക്കുന്ന ടി20 ലോക കപ്പില്‍ നിന്നും താരം പിന്മാറി.
ഐപിഎല്ലിലെ ബാക്കിയുള്ള മല്‍സരങ്ങളും ലോക കപ്പും നഷ്ടമായതില്‍ നിരാശയുണ്ടെന്നു സാം കറെന്‍ പ്രതികരിച്ചു. ‘ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനിനൊപ്പമുള്ള സമയം ഞാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ടീമംഗങ്ങള്‍ വളരെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പിന്മാറ്റത്തെക്കുറിച്ച് എനിക്കു ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. പക്ഷെ ഈ അതിശയിപ്പിക്കുന്ന ഇടത്തു നിന്നും ഞാന്‍ മടങ്ങുകയാണ്. അടുത്ത കുറച്ചു ദിവസങ്ങളില്‍ എവിടെയായാലും ടീമിനെ പിന്തുണച്ച് ഞാനുണ്ടാവും. സിഎസ്‌കെ ടീം മുന്നോട്ടു തന്നെ പോവുമെന്നും കിരീടം നേടുമെന്നും എനിക്കുറപ്പുണ്ട്’ സാം കറെന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ നടന്ന ഐപിഎല്‍ 14ാം സീസണിന്റെ ആദ്യപാദത്തില്‍ സിഎസ്‌കെയ്ക്കു വേണ്ടി മിന്നുന്ന പ്രകടനമായിരുന്നു സാം കറെന്‍ കാഴ്ചവച്ചത്. പക്ഷെ യുഎഇയിലെ രണ്ടാംപാദത്തില്‍ താരത്തിനു ഫോം ആവര്‍ത്തിക്കാനായില്ല. ഇതേ തുടര്‍ന്നു ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു.
ബാറ്റിംഗിലും ബോളിംഗിലും വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന താരമാണ് സാമെന്നതിനാല്‍ താരത്തിന്റെ പിന്മാറ്റം ഇംഗ്ലണ്ടിനെ ഉലച്ചിട്ടുണ്ട്. സാമിനു പകരം ലോക കപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ സഹോദരനും ഓള്‍റൗണ്ടറുമായ ടോം കറെനെ ഇംഗ്ലണ്ട് ടീമിലുള്‍പ്പെടുത്തി.