'ചെന്നൈയില്‍ ഇംഗ്ലണ്ടിനെ പിന്നിലാക്കിയത് പിച്ചല്ല, അവനാണ്'; തുറന്നടിച്ച് മുന്‍ ഇംഗ്ലീഷ് താരം

ഇന്ത്യയ്‌ക്കെതിരെ ചെന്നൈയില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് പിന്നിലായി പോയതിനുള്ള പ്രധാന കാരണം മോശം പിച്ചാണെന്ന അഭിപ്രായങ്ങള്‍ തള്ളി ഇംഗ്ലണ്ടിന്റെ മുന്‍ താരം മാര്‍ക്ക് ബുച്ചര്‍. ചെന്നൈയില്‍ ഇംഗ്ലണ്ടിനെ പിന്നിലാക്കിയത് രോഹിത്തിന്റെ പ്രകടനമാണെന്നും ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന്റെ ബോളിംഗും മോശമായിരുന്നെന്നും മാര്‍ക്ക് ബുച്ചര്‍ പറഞ്ഞു.

“ഇംഗ്ലണ്ട് ഈ ടെസ്റ്റില്‍ പിന്നിലായി പോകാനുള്ള കാരണം ചെന്നൈയിലെ പിച്ചല്ല. രോഹിത് ശര്‍മ ഒന്നാം ഇന്നിംഗ്സില്‍ നേടിയ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ പിറകിലാക്കിയിരിക്കുന്നത്. ആദ്യ ദിനം മുതല്‍ ബോളര്‍മാരുടെ തുണയ്ക്കുന്ന പിച്ചായിരുന്നിട്ടും ഇംഗ്ലണ്ട് നന്നായി ബോള്‍ ചെയ്തില്ല.”

Image result for Mark Butcher

“സത്യസന്ധമായി പറയുകയാണെങ്കില്‍ ഇപ്പോള്‍ ഈ മല്‍സരം ഇംഗ്ലണ്ടിന് എത്തിപ്പിടിക്കാവുന്നതിലും അകലെയായിക്കഴിഞ്ഞു. എന്നെ സംബന്ധിച്ച് പിച്ചോ, ആര്‍ക്കാണ് മുന്‍തൂക്കമെന്നതോ, ആരു ജയിക്കുമെന്നതോ ഒന്നുമല്ല കാര്യം. ഇംഗ്ലണ്ട് ഇപ്പോള്‍ ഗ്രൗണ്ടിലാണ്. അതുകൊണ്ടു തന്നെ ലഭിക്കുന്ന പിച്ചില്‍ അവര്‍ കളിക്കുകയും വേണം” മാര്‍ക്ക് ബുച്ചര്‍ പറഞ്ഞു.

Image result for ind vs eng 2021 rohit

Read more

ഇന്ത്യ മുന്നോട്ടുവെച്ച 482 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് മൂന്നാംദിനം കളി അവസാനിപ്പിക്കുമ്പോള്‍ മൂന്നു വിക്കറ്റിന് 53 റണ്‍സെന്ന നിലയിലാണ്. രണ്ട് ദിനവും ഏഴു വിക്കറ്റുകളും ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിനു ജയിക്കാന്‍ 429 റണ്‍സ് കൂടി വേണം.