ഇംഗ്ലീഷ് പേസ് നിരയിലെ തുറുപ്പുചീട്ടായ ജോഫ്ര ആര്‍ച്ചറിന്റെ അഭാവം ആഷസില്‍ അവര്‍ക്ക് തിരിച്ചടിയാകുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ആര്‍ച്ചര്‍ ഇല്ലാതെ ഇംഗ്ലണ്ടിന് ആഷസ് ജയിക്കാനാവില്ലെന്നും ക്ലാര്‍ക്ക് വിലയിരുത്തി. പരിക്കേറ്റ ആര്‍ച്ചര്‍ ഇന്ത്യക്കെതിരായ പരമ്പരയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ടി20 ലോക കപ്പ്, ആഷസ് എന്നിവയും ആര്‍ച്ചര്‍ക്ക് നഷ്ടമാകും.
ആര്‍ച്ചര്‍ എതിര്‍ ടീമില്‍ ഭയം സൃഷ്ടിക്കുന്ന താരമാണ്. അയാള്‍ ഇല്ലാതെ ഓസ്‌ട്രേലിയയില്‍ ജയിക്കാന്‍ ഇംഗ്ലണ്ടിനാവില്ല. ബെന്‍ സ്‌റ്റോക്‌സ് കൂടിയില്ലെങ്കില്‍ ഇംഗ്ലണ്ടിനെ ഓസിസ് തകര്‍ക്കും. ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിര മോശമാണ്. ആര്‍ച്ചര്‍ ഇല്ലാത്ത ഇംഗ്ലണ്ടിനെ ഓസ്‌ട്രേലിയ നിലംപരിശാക്കുമെന്ന് ക്ലാര്‍ക്ക് പറഞ്ഞു.
ഇന്ത്യക്കെതിരെ വര്‍ഷാദ്യം നടന്ന പരമ്പരയിലെ തോല്‍വി ഓസ്‌ട്രേലിയയെ ബാധിക്കില്ലെന്ന് ക്ലാര്‍ക്ക് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയോട് പുറത്തെടുത്തതിനെക്കാള്‍ മികച്ച പ്രകടനം ഓസിസ് പേസര്‍മാരും സ്പിന്നര്‍ നതാന്‍ ലയോണും ഇംഗ്ലണ്ടിനെതിരെ കാഴ്ചവയ്ക്കും. ചിന്തിക്കാനും പിഴവുകള്‍ തിരുത്താനും സമയം കിട്ടിയതിനാല്‍ ബാറ്റ്‌സ്മാന്‍മാരും മികവിലേക്കുയരുമെന്നും ക്ലാര്‍ക്ക് പറഞ്ഞു.
ഓസ്‌ട്രേലിയ അവസാനം ആതിഥ്യമൊരുക്കിയ രണ്ട് ആഷസുകളിലും ഇംഗ്ലണ്ടിന്റെ പ്രകടനം ദയനീയമായിരുന്നു. 2013-14 സീസണില്‍ 5-0ത്തിനും 2017-18ല്‍ 4-0ത്തിനുമാണ് ഇംഗ്ലീഷ് പട പരാജയം വഴങ്ങിയത്. 2019 ഇംഗ്ലണ്ടില്‍ നടന്ന ആഷസില്‍ 2-2 സമനില പിടിക്കാനും ഓസിസിന് സാധിച്ചിരുന്നു.