ഓസ്‌ട്രേലിയ ആതിഥ്യമൊരുക്കുന്ന ഈ വര്‍ഷത്തെ ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് ഇംഗ്ലണ്ട് പിന്മാറിയേക്കും. ഇതു സംബന്ധിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് കൂടുതല്‍ കൂടിയാലോചനകള്‍ നടത്തുകയാണ്. മുന്‍ ഇംഗ്ലീഷ് പേസര്‍ സ്റ്റീവ് ഹാര്‍മിസനും ഇംഗ്ലണ്ടിന്റെ പിന്മാറ്റം സംബന്ധിച്ച സൂചന നല്‍കി.
കോവിഡ് നിയന്ത്രണങ്ങളുള്ള ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ ഇംഗ്ലീഷ് കളിക്കാര്‍ക്ക് താല്‍പര്യമില്ലെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ടിന്റെ ബി ടീമിനെ ഓസ്‌ട്രേലിയയിലേക്ക് അയക്കാനും ആലോചനയുണ്ട്. എന്നാല്‍ ഇത് ക്രിക്കറ്റ് ഓസ്‌ട്രേലിയ അംഗീകരിക്കുമോയെന്ന് അറിയില്ല.
അതിനിടെ, കോവിഡിന്റെ പേരില്‍ വിദേശ പര്യടനങ്ങളെ അവഗണിച്ച ഓസ്‌ട്രേലിയയെ ഹാര്‍മിസണ്‍ രൂക്ഷമായി വിമര്‍ശിച്ചു. ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കേണ്ടിയിരുന്ന റഗ്ബി ലീഗ് ലോകകപ്പില്‍ നിന്ന് ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും പിന്മാറി. തുടര്‍ന്ന് ടൂര്‍ണമെന്റ് ഉപേക്ഷിക്കേണ്ടിവന്നു. കോവിഡ് മഹാമാരിക്കിടെ ഒരു ടെസ്റ്റ് പോലും ഓസീസ് കളിച്ചില്ല. എന്നിട്ട് അവര്‍ ആഷസ് നടന്നില്ലെങ്കില്‍ 200 മില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന് വിലപിക്കുന്നതായും ഹാര്‍മിസണ്‍ കുറ്റപ്പെടുത്തി.