സഹതാരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മൊയീന്‍ അലി

മദ്യപിച്ച് മോശം പെരുമാറ്റത്തിന്റെ പേരില്‍ പലപ്പോഴായി വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിലെ സഹതാരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മൊയീന്‍ അലി. വരും തലമുറയെ ക്രിക്കറ്റിലേക്ക് കൊണ്ട് വരാനുളള ഉത്തരവാദിത്തം ഓരോ കളിക്കാരനും ഉണ്ടെന്നും യുവാക്കളെ ക്രിക്കറ്റില്‍നിന്ന് അകറ്റിനിര്‍ത്തുന്ന തരത്തില്‍ ഇംഗ്ലണ്ട് താരങ്ങള്‍ പെരുമാറരുതെന്നും അലി തുറന്നടിച്ചു.

മൈതാനത്ത് മാത്രമല്ല ഫീല്‍ഡിനു പുറത്തും കൂടുതല്‍ അച്ചടക്കം പാലിക്കണമെന്നും അലി പറയുന്നു. മദ്യപിച്ച് സഹതാരങ്ങള്‍ നടത്തുന്ന അതിരുവിട്ട പെരുമാറ്റങ്ങള്‍ക്കെതിരെയും അലി ശക്തമായി പ്രതികരിച്ചു.

സമീപകാലത്തുതന്നെ അച്ചടക്ക രാഹിത്യത്തിന്റെ പേരില്‍ മൂന്ന് ഇംഗ്ലണ്ട് താരങ്ങള്‍ക്കു നടപടി നേരിടേണ്ടിവന്ന പശ്ചാത്തലത്തിലാണു മോയിന്‍ അലി രംഗത്തെത്തിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ആഷസില്‍ മോശം ഫോം തുടരുന്ന ഇംഗ്ലണ്ടിനു കനത്ത തിരിച്ചടിയാണ് താരങ്ങളുടെ മോശം പെരുമാറ്റം.

ഏറ്റവും ഒടുവിലായി നടപടി നേരിട്ടത് ബാറ്റ്‌സ്മാന്‍ ബെന്‍ ഡക്കറ്റ് ആണ്. വാക്കുതര്‍ക്കത്തിനൊടുവില്‍ സീനിയര്‍ പേസ് ബോളര്‍ ജയിംസ് ആന്‍ഡേഴ്‌സന്റെ തലയില്‍ മദ്യമൊഴിച്ചതിനാണു നടപടി. പരിശീലന മല്‍സരത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഡക്കറ്റിനെതിരെ കൂടുതല്‍ അച്ചടക്ക നടപടി ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിക്കും.

ബ്രിസ്റ്റോളില്‍ നൈറ്റ് ക്ലബ്ബിനു പുറത്തു ബെന്‍ സ്റ്റോക്‌സും അലക്‌സ് ഹെയ്ല്‍സും തമ്മിലുണ്ടായ കശപിശയ്ക്കു പിന്നാലെ പൊലീസ് രണ്ടുപേരെയും അറസ്റ്റ് ചെയ്തിരുന്നു. ബെന്‍ സ്റ്റോക്‌സിനെ പിന്നീട് ടീമില്‍നിന്നൊഴിവാക്കുകയും ചെയ്തു.

Read more

പെര്‍ത്തിലെ ഒരു ബാറില്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍‌സ്റ്റോ തന്നോടു കലഹത്തിനു വന്നെന്ന് ഓസ്‌ട്രേലിയയുടെ കാമറോണ്‍ ബാന്‍ക്രോഫ്റ്റ് പരാതിപ്പെട്ടിരുന്നു. പിന്നീട് രണ്ടുപേരും പ്രശ്‌നം രമ്യമായി പരിഹരിച്ചു.