പാകിസ്താനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ എട്ടു വിക്കറ്റിന് 583 റണ്‍സെടുത്ത് ഇംഗ്ലണ്ട് ഒന്നാമിന്നിങ്സ് ഡിക്ലയര്‍ ചെയ്തു. സാക്ക് ക്രോളിയുടെ (267) കന്നി ഡബിള്‍ സെഞ്ചുറിയും ജോസ് ബട്ലറുടെ (152) സെഞ്ചുറിയുമാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
അഞ്ചാം വിക്കറ്റില്‍ ക്രൗളി-ബട്‌ലര്‍ സഖ്യം 359 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 393 പന്തില്‍ 34 ഫോറുകളും ഒരു സിക്സറുമുള്‍പ്പെട്ടതായിരുന്നു ക്രോളിയുടെ ഇന്നിംഗ്സ്. ബട്ലര്‍ 311 പന്തില്‍ 13 ഫോറുകളും രണ്ടു സിക്സറുമടക്കമാണ് 152 റണ്‍സ് നേടിയത്. ക്രിസ് വോക്സ് (40), ക്യാപ്റ്റന്‍ ജോ റൂട്ട് (29), ഡൊമിനിക് ബെസ്സ് (27*), ഡൊമിനിക്ക് സിബ്ലി (22), സ്റ്റുവര്‍ട്ട് ബ്രോഡ് (15), റോറി ബേണ്‍സ് (6), ഓലി പോപ്പ് (3) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. പാകിസ്ഥാനു വേണ്ടി ഷഹീന്‍ അഫ്രീദി, യാസിര്‍ ഷാ, ഫവാദ് ആലം എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.
മറുപടി ബാറ്റിംഗിനറങ്ങിയ പാകിസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെയാണ്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 24 റണ്‍സെന്ന നിലയിലാണ് പാകിസ്ഥാന്‍. ഷാന്‍ മസൂദ് (4), ആബിദ് അലി (1), ബാബര്‍ അസം (11) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. മൂന്ന് വിക്കറ്റും ആന്‍ഡേഴ്സണിനാണ്. അസര്‍ അലി (4) യാണ് ക്രീസിലുള്ള താരം.
ഈ മത്സരം ജയിച്ചാല്‍ ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാം. പാകിസ്ഥാന്‍ ജയിച്ചാല്‍ പരമ്പര 1-1 ന് സമനിലയിലാകും. ആദ്യമത്സരത്തില്‍ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ രണ്ടാം മത്സരം മഴയെ തുടര്‍ന്ന് സമനിലയില്‍ പിരിയുകയായിരുന്നു.