വിന്‍ഡീസിനെ തുണച്ച് മഴ; നാലാം ദിനം ഉപേക്ഷിച്ചു

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാനത്തെ ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വിയുടെ പടിവാതില്‍ക്കല്‍ നിന്നിരുന്ന വിന്‍ഡീസിനെ തുണച്ച് മഴ. ടെസ്റ്റിന്റെ നാലാം ദിനം ഒരോവര്‍ പോലും എറിയാനാകതെ ഉപേക്ഷിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ 399 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് വിന്‍ഡീസ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സെന്ന നിലയിലായിരുന്നു.

എട്ട് വിക്കറ്റും ഒരു ദിവസവും ശേഷിക്കെ വിന്‍ഡീസിന് ജയിക്കാന്‍ 389 റണ്‍സ് കൂടി വേണം. ക്രയ്ഗ് ബ്രാത്ത്വെയ്റ്റിനൊപ്പം (2) ഷായ് ഹോപ്പാണ് (4) ക്രീസില്‍. കാംബെല്ലിന്റെയും (0) നൈറ്റ് വാച്ച്മാന്‍ കിമാര്‍ റോച്ചിന്റെയും (4) വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. സ്റ്റുവര്‍ട്ട് ബ്രോഡിനാണ് രണ്ട് വിക്കറ്റും. ആദ്യ ഇന്നിംഗ്സില്‍ ബ്രോഡ് ആറ് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

Image

രണ്ടാം ഇന്നിംഗ്സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 226 എന്ന നിലയില്‍ ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ വിന്‍ഡീസ് 197 ന് എല്ലാവരും പുറത്തായിരുന്നു. 172 റണ്‍സ് ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി രണ്ടാം ഇന്നിംഗ്്‌സിനിറങ്ങിയ ഇംഗ്ലണ്ടിനുവേണ്ടി റോറി ബേണ്‍സ് (90),ഡോം സിബ്ലി (56),ജോ റൂട്ട് (68) എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി.

England vs West Indies, As it happened, 2nd Test Day 4: Roach ...

ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറാണ് (46) ഒന്നാം ഇന്നിംഗ്സില്‍ വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഷെയ്ന്‍ ഡൗറിച്ചും (37) ജോണ്‍ കാംബെലും (32) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഈ ടെസ്റ്റ് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. മഴ ചതിച്ചില്ലെങ്കില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് തന്നെയാണ് മത്സരത്തില്‍ മുന്‍തൂക്കം.