ഇംഗ്ലീഷ് സൂപ്പര്‍ താരങ്ങള്‍ പിന്മാറി; ഐപിഎല്‍ ടീമുകള്‍ക്ക് തിരിച്ചടി

ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇംഗ്ലണ്ടിന്റെ രണ്ട് സൂപ്പര്‍ താരങ്ങള്‍ പിന്മാറി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെ യര്‍സ്‌റ്റോയും പഞ്ചാബ് കിങ്‌സിന്റെ ഡേവിഡ് മലാനുമാണ് ഐപിഎല്‍ കളിക്കില്ലെന്ന് അ റിയിച്ചത്. സെപ്റ്റംബര്‍ 19ന് യുഎഇയില്‍ ഐപിഎല്ലിന്റെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്ക് തുടക്കമാകും.

ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെ താരങ്ങള്‍ മാഞ്ചസ്റ്ററില്‍ നിന്ന് ഒരുമിച്ച് യുഎഇയിലേക്ക് തിരിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ത്യന്‍ ക്യാംപിലെ കോവിഡ് ബാധയെ തുടര്‍ന്ന് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് താരങ്ങള്‍ക്കായി സ്വന്തം നിലയില്‍ യാത്രാ സൗകര്യം ഒരുക്കേണ്ടിവന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് ബെയര്‍‌സ്റ്റോയും മലാനും ഐപിഎല്ലില്‍ നിന്ന് പിന്മാറിയതെന്നാണ് വിശദീകരണം.

പക്ഷേ, യുഎഇയിലെ ആറു ദിവസത്തെ ക്വാറന്റൈന്‍ അടക്കമുള്ള നിയന്ത്രണങ്ങളാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ ഇരുവരെയും പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. അതിനിടെ, കൂടുതല്‍ ഇംഗ്ലീഷ് കളിക്കാര്‍ ഐപിഎല്ലിനെ കൈവിട്ടേക്കുമെന്ന വാര്‍ത്തകളും പുറത്തുവന്നു. ഡല്‍ഹി ക്യാപ്പിറ്റില്‍സിന്റെ ഓള്‍ റൗണ്ടര്‍ ക്രിസ് വോക്‌സ് ഐപിഎല്ലില്‍ നിന്ന് പിന്മാറുമെന്നാണ് സൂചനകള്‍.