ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി എന്നിവരുടെ കരിയര്‍ അവസാനിച്ചെന്നുള്ള റിപ്പോര്‍ട്ടുകളില്‍ വിഷമിച്ചിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ടി20 ക്രിക്കറ്റ് മതിയാക്കിയതല്ലെന്നും ഏകദിന ലോകകപ്പ് മുന്നില്‍ നില്‍ക്കെ വര്‍ക്ക് ലോഡ് മാനേജ് ചെയ്യാനാണ് ടി20 ക്രിക്കറ്റില്‍നിന്നും മാറിനില്‍ക്കുന്നതെന്നും രോഹിത് പറഞ്ഞു.
ഇപ്പോള്‍ ഏകദിന ലോകകപ്പിലാണ് ശ്രദ്ധ മുഴുവന്‍. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ ചിലര്‍ക്ക് എല്ലാ ഫോര്‍മാറ്റിലും കളിക്കാനാവില്ല. തിരക്കുപിടിച്ച മത്സരക്രമമാണ് ടീമിന് മുന്നിലുള്ളത്. അതിനാല്‍ ചില താരങ്ങള്‍ക്ക് കൃത്യമായ വിശ്രമം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്. ഞാന്‍ ആ വിഭാഗത്തിലാണ് വരുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റില്‍ കുറച്ച് കാലമായി വലിയ ചര്‍ച്ച നടക്കുന്ന കാര്യമാണ് വര്‍ക്ക് ലോഡ് മാനേജ്മെന്റ്. ഏകദിന ലോകകപ്പ് പദ്ധതികളില്‍ ഞാനടക്കം വിരാട് കോലി, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങളുടെ ഫിറ്റ്നസ് നിര്‍ണായകമാണ്. അതിനാലാണ് ടി 20 സ്‌ക്വാഡില്‍ നിന്ന് സെലക്ടര്‍മാര്‍ സീനിയര്‍ താരങ്ങളെ മാറ്റിനിര്‍ത്തുന്നത്- രോഹിത് ശര്‍മ്മ പറഞ്ഞു.
അമേരിക്കയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് രോഹിത് ഇക്കാര്യം വ്യക്തമാക്കിയത്. ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയാണ് നിലവില്‍ ഇന്ത്യ ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കം നടത്തുന്നത്. യുവതാരനിരയെയാണ് അധികം ഇന്ത്യ ടീമിലേക്ക് പരിഗണിക്കുന്നത്.