വിജയ് ഹസാരെ ട്രോഫി ടീമില്‍നിന്ന് ഒഴിവാക്കിയതിന് ശേഷം പൃഥ്വി ഷാ നടത്തിയ വികാരപ്രകടനത്തെ തള്ളി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എംസിഎ). താരം പതിവായി അച്ചടക്ക മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്നും താരത്തിന്റെ ശത്രു അദ്ദേഹം തന്നെയാണെന്നും എംസിഎയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. വിജയ് ഹസാരെ ട്രോഫിക്കുള്ള 16 അംഗ ടീമില്‍ തിരഞ്ഞെടുക്കപ്പെടാത്തതിലുള്ള നിരാശ ഷാ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പ്രകടിപ്പിച്ചിരുന്നു.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 10 ഫീല്‍ഡര്‍മാരുമായി മുംബൈയ്ക്കു കളിക്കേണ്ടിവന്നു. പന്ത് അടുത്തുകൂടി പോയാല്‍ പോലും പൃഥ്വി ഷായ്ക്ക് അതു പിടിച്ചെടുക്കാന്‍ സാധിക്കുന്നില്ല. ബാറ്റിംഗിന്റെ സമയത്ത് പന്ത് കണക്ട് ചെയ്യാന്‍ പൃഥ്വി ഷാ ബുദ്ധിമുട്ടുന്നതു നമുക്കു കാണാനാകും. താരത്തിന്റെ ഫിറ്റ്‌നസ്, അച്ചടക്കം, സ്വഭാവം എല്ലാം വളരെ മോശമാണ്. ഓരോ താരങ്ങള്‍ക്കും ഇവിടെ വ്യത്യസ്ത നിയമമൊന്നും ഇല്ല.
പൃഥ്വി ഷായുടെ ശൈലിയെക്കുറിച്ച് ടീമിലെ മുതിര്‍ന്ന താരങ്ങള്‍ വരെ പരാതി പറഞ്ഞു തുടങ്ങി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ സമയത്ത് അദ്ദേഹം പരിശീലന സെഷനുകള്‍ക്ക് കൃത്യമായി എത്തില്ല. രാത്രി മുഴുവന്‍ പുറത്തായിരിക്കും, രാവിലെ ആറു മണിക്കൊക്കെ ടീം ഹോട്ടലിലേക്കു കയറിവരും.
ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധിച്ച് അദ്ദേഹത്തിന്റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ പൃഥ്വി ഷാ തയാറാകുന്നില്ല. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ അദ്ദേഹത്തിന് ആനുകൂല്യമൊന്നും ലഭിക്കില്ല. കാരണം മുംബൈയുടെ സെലക്ടര്‍മാരെയോ, ക്രിക്കറ്റ് അസോസിയേഷനെയോ സ്വാധീനിക്കാന്‍ ആ പോസ്റ്റുകള്‍ക്കു സാധിക്കില്ല- എംസിഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു.