വർഷങ്ങളായി പ്ലെയിങ് ഇലവനിൽ കെ.എൽ. രാഹുലിനെ തെറ്റായ രീതിയിൽ ഉപയോഗിച്ചതിലൂടെ ഇന്ത്യ അയാളോട് മോശമായി പെരുമാറിയതിന് മുൻ ഓപ്പണിംഗ് ബാറ്റർ നവ്‌ജോത് സിംഗ് സിദ്ധു വിമർശനവുമായി രംഗത്ത്. നിലവിൽ വിക്കറ്റ് കീപ്പർ, ഏകദിനങ്ങളിൽ മിഡിൽ ഓർഡർ ബാറ്റ്‌സ്മാൻ, ടെസ്റ്റിൽ ടോപ്പ് ഓർഡർ ബാറ്റ്‌സ്മാൻ, ടി20 ടീമിൽ ഇല്ല എന്ന അവസ്ഥയിലാണ് നിൽക്കുന്നത്.
ടോപ്പ് ഓർഡർ ബാറ്റ്‌സ്മാനായി അന്താരാഷ്ട്ര കരിയർ ആരംഭിച്ച കെ.എൽ. രാഹുൽ, കുറച്ചുകാലം വൈറ്റ്-ബോൾ ക്രിക്കറ്റിൽ മധ്യനിരയിലേക്ക് മാറി, പിന്നീട് വീണ്ടും ഓർഡറിൽ സ്ഥാനക്കയറ്റം നേടി. റെഡ്-ബോൾ ക്രിക്കറ്റിൽ, പുറത്താക്കപ്പെടുന്നതിന് മുമ്പ്, വളരെക്കാലം ഓപ്പണറായിരുന്നു. തിരിച്ചുവരവിൽ, രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ എന്നിവർക്കൊപ്പം ടോപ്പ് ഓർഡറിൽ ഇടം കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
2024-25 ബോർഡർ-ഗവാസ്കർ പരമ്പരയിലേക്ക് വന്നപ്പോൾ അവിടെ അയാൾ ഓപ്പണറായി സ്ഥാനം നേടി. “കെ.എൽ. രാഹുൽ, അവന്റെ കാര്യം പറയുമ്പോൾ സ്പെയർ ടയർ പോലും അവന്റെ അത്രയും ഉപയോഗിക്കാറില്ല. വിക്കറ്റ് കീപ്പറായും, ആറാം നമ്പറായും, ഓപ്പണറായും കളിക്കണം. ബി.ജി.ടി വരുമ്പോൾ മൂന്നാം നമ്പറായും കളിക്കണം. പിന്നെ ടെസ്റ്റിൽ ചിലപ്പോൾ ഓപ്പണറായും കളിക്കണം. ഒരു കാര്യം ഞാൻ പറയാം. ഏകദിനങ്ങളിൽ ഓപ്പണറാകുക എന്നതാണ് ഏറ്റവും എളുപ്പം, പക്ഷേ ടെസ്റ്റിൽ അത് ചെയ്യുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ളത്. അദ്ദേഹം നിസ്വാർത്ഥനായ ഒരു കളിക്കാരനാണ്,” നവ്ജ്യോത് സിംഗ് സിദ്ധു പറഞ്ഞു.
2025 ചാമ്പ്യൻസ് ട്രോഫിയിൽ ഇതിനകം തന്നെ നിരവധി തവണ കെ.എൽ. രാഹുൽ ഇന്ത്യയുടെ രക്ഷയ്ക്കെത്തിയിട്ടുണ്ട്. ആറാം നമ്പറിൽ ബാറ്റ് ചെയ്യുന്ന അദ്ദേഹം മികവ് കാണിച്ചു. ഓസ്‌ട്രേലിയക്ക് എതിരായ സെമി പോരാട്ടത്തിൽ താരത്തിന്റെ മികവ് ഇന്ത്യയെ രക്ഷിച്ചു.