ലോക ക്രിക്കറ്റിലെ മികച്ച ഓൾറൗണ്ടർമാരിലൊരാളായ ന്യൂസിലാൻഡിന്‍റെ മുൻ താരം ക്രിസ് കെയിൻസ് സമീപകാലത്തായി ജീവിതത്തിൽ ഒരുപാട് തിരിച്ചടികൾ നേരിട്ടിട്ടുണ്ട് . 51കാരനായ താരത്തിന് കഴിഞ്ഞ വർഷം ഹൃദയശസ്ത്രക്രിയ ആവശ്യമായി വരികയും ശസ്ത്രക്രിയക്കിടെ സ്ട്രോക്കിനെ തുടർന്ന് ഇരുകാലുകളും തളരുകയും ചെയ്തിരുന്നു. അതിനിടയിൽ കുടലിൽ അർബുദം ബാധിച്ചിരിക്കുകയാണെന്ന കാര്യവും താരം വ്യക്തമാക്കിയിരുന്നു. ദുരിത കാലത്തിനിടയിലും സമൂഹ മാധ്യമങ്ങളിൽ തന്റെ വിവരങ്ങൾ ഒകെ താരം പങ്ക് വെക്കുമായിരുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിലെ വാതുവെപ്പ് കേസിലൂടെ പ്രശസ്തനായ ലളിത് മോഡി ക്രിസിന് എതിരെ വാതുവെപ്പ് ആരോപണം ഉന്നയിക്കുകയും എന്നാൽ കേസിൽ വര്ഷങ്ങളുടെ പോരാട്ടത്തിനൊടുവിൽ ക്രിസ് വിജയിക്കുകയും ചെയ്തു. “എനിക്ക് ഒരുപാട് ദേഷ്യവും നിരാശയും ഉണ്ടായിരുന്നു ആ കാലത്ത് , പക്ഷേ ഞാൻ അത് നിശബ്ദമായി വഹിച്ചു,” അദ്ദേഹം പറഞ്ഞു, “ഞാൻ ഓസ്‌ട്രേലിയയിൽ ചെറിയ ജോലികൾ ചെയ്തു ആ സമയം തള്ളി നീക്കി. അത് എന്നെ അലട്ടി. എന്നാൽ ഇപ്പോൾ, കഴിഞ്ഞ ഏഴ് മാസങ്ങൾക്ക് ശേഷം, അത് എന്റെ ചിന്തയിൽ വളരെ താഴെയാണ്. അത് മുൻഗണനയല്ല. മറ്റൊരു സമയം, മറ്റൊരു സ്ഥലം പോലെ തോന്നുന്നു.”
” ലളിത് ചെയ്ത ആ ട്വീറ്റ് എന്റെ ജീവിതം മാറ്റി. ഞാൻ കുറ്റക്കാരനായി, വര്ഷങ്ങളുടെ നിയമപോരാട്ടത്തിലൂടെ സത്യം തെളിഞ്ഞു. എന്നെ ആ നാളുകളിൽ എല്ലാവരും വില്ലനായി ചിത്രീകരിച്ചത് എന്നെ തളർത്തി.”
ന്യൂസിലന്‍ഡിനായി 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും രണ്ട് ട്വന്‍റി 20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 1998 മുതല്‍ 2006 വരെ രാജ്യത്തിനായി കളിച്ച താരം മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. ടെസ്റ്റില്‍ 3320 റണ്‍സും 218 വിക്കറ്റും നേടി. ഏകദിനത്തില്‍ 4950 റണ്‍സും 201 വിക്കറ്റും സ്വന്തം പേരിലുണ്ട്. 2000ത്തില്‍ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയും ക്രിസ് കെയ്ന്‍സ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.