മെഗാ ലേലത്തിന് മുമ്പ് തന്നെ മറ്റ് ഫ്രാഞ്ചൈസികളിൽ നിന്ന് ഓഫറുകൾ ലഭിച്ചതായി സൺറൈസേഴ്‌സ് ഹൈദരാബാദ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി വെളിപ്പെടുത്തി. ഹൈദരാബാദ് വിട്ട് ഞങ്ങളുടെ ടീമിൽ എത്തിയാൽ വമ്പൻ ഓഫറുകൾ തരാമെന്ന് ചിലർ പറഞ്ഞു. എന്നിരുന്നാലും, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാർ തങ്ങളുടെ ടീമിൽ ഉള്ളപ്പോൾ അവർക്ക് മുന്നിൽ തന്റെ കഴിവ് പ്രകടിപ്പിക്കാൻ തോന്നിയതിനാലാണ് ഹൈദരാബാദ് വിട്ട് പോകാതിരുന്നത് എന്നാണ് താരം പറഞ്ഞത്.
ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച നിതീഷ് ഓസ്‌ട്രേലിയയിൽ ബോർഡർ-ഗവാസ്കർ ട്രോഫി നേടിയ ടീമിന്റെ ഭാഗമായിരുന്നു. “എനിക്ക് ചില ഓഫറുകൾ ലഭിച്ചിരുന്നു, പക്ഷേ സൺറൈസേഴ്‌സ് ഹൈദരാബാദ് വിടാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചില്ല. അത് എനിക്ക് ഒരു ഹോം ഫ്രാഞ്ചൈസിയാണ്,” അദ്ദേഹം പറഞ്ഞു.
“എനിക്ക് ഹൈദരാബാദിന് വേണ്ടി പ്രകടനം നടത്താനും ഐപിഎൽ ട്രോഫി നേടാനും ആഗ്രഹമുണ്ട്. അവർ എന്നിൽ വിശ്വാസം പ്രകടിപ്പിച്ചു, ഫ്രാഞ്ചൈസിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള എന്റെ സമയമാണിത്. ലേലത്തിൽ എന്നെ ഉൾപ്പെടുത്താൻ മറ്റ് ഫ്രാഞ്ചൈസികൾ ചില ചർച്ചകൾ നടത്തിയിരുന്നു, പക്ഷേ ഹൈദരാബാദിന് വേണ്ടി കളിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
2024 ലെ ഐപിഎല്ലിൽ, 13 മത്സരങ്ങളിൽ നിന്ന് 33.67 ശരാശരിയിലും 142.92 സ്ട്രൈക്ക് റേറ്റിലും 303 റൺസ് അദ്ദേഹം നേടി. മൂന്ന് വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി. ഇതുവരെ അഞ്ച് ടെസ്റ്റുകളിലും നാല് ടി20 മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ എത്തിയെങ്കിലും ഹൈദരാബാദ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെട്ടു.