സെഞ്ചൂറിയനില്‍ വലിയ സ്‌കോര്‍ മോഹിച്ച ഇന്ത്യന്‍ ബാറ്റര്‍മാരെ അരിഞ്ഞിട്ട് ദക്ഷിണാഫ്രിക്കന്‍ പേസ് നിര. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയെ 327 എന്ന സ്‌കോറിന് ആതിഥേയര്‍ ഓള്‍ ഔട്ടാക്കി.
മഴ മാറി നിന്ന സെഞ്ചൂറിയനില്‍ വിക്കറ്റ് മഴയാണ് പെയ്തത്. മൂന്നാം ദിനം വെറും 55 റണ്‍സിന് ഇന്ത്യയുടെ ഏഴ് വിക്കറ്റുകള്‍ നിലംപൊത്തി. ആകെ ആറ് വിക്കറ്റ് കൊയ്ത പേസര്‍ ലുന്‍ഗി എന്‍ഗിഡിയാണ് ഇന്ത്യയുടെ അന്തകനായത്. കാഗിസൊ റബാഡയ്ക്ക് മൂന്ന് വിക്കറ്റ് ലഭിച്ചു. മാര്‍ക്കോ ജാന്‍സെനും ഒരാളെ പുറത്താക്കി.
മൂന്നിന് 272 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് സെഞ്ച്വറിയുമായി കുതിക്കുകയായിരുന്ന ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെ വിക്കറ്റാണ് ആദ്യം കൈമോശം വന്നത്. വ്യക്തിഗത സ്‌കോറില്‍ ഒരു റണ്‍സ് മാത്രം ചേര്‍ത്ത രാഹുലിനെ (123) റബാഡയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡി കോക്ക് പിടികൂടി. അധികം വൈകാതെ അര്‍ദ്ധ ശതകം ഉന്നമിട്ട അജിന്‍ക്യ രഹാനെയും (48) ആര്‍. അശ്വിനും (4) ഋഷഭ് പന്തും (8) കൂടാരം പൂകി. ഷാര്‍ദുല്‍ താക്കൂര്‍ (4), മുഹമ്മദ് ഷമി (8) എന്നിവരും ചെറുത്തുനിന്നില്ല. വാലറ്റത്തില്‍ ജസ്പ്രീത് ബുംറ നേടിയ 14 റണ്‍സ് ഇന്ത്യക്ക് നേരിയ ആശ്വാസം പകര്‍ന്നു. ബുംറയെ പുറത്താക്കി ജാന്‍സെനാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് തിരശീലയിട്ടത്.