'സച്ചിനും ലാറയ്ക്കും ക്യാപ്റ്റന്‍സി സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല, പക്ഷേ അവന്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു': ഇന്ത്യന്‍ യുവതാരത്തിന്റെ നേതൃഗുണങ്ങളെക്കുറിച്ച് മുന്‍ താരം

ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 ലെ ബംഗ്ലാദേശിനെതിരെ ദുബായില്‍ നടന്ന ആദ്യ മത്സരത്തില്‍ ശുഭ്മാന്‍ ഗില്‍ മികച്ച രീതിയില്‍ തുടങ്ങി. താരത്തിന്റെ 101 റണ്‍സ് ടീം ഇന്ത്യയെ ആറ് വിക്കറ്റിന്റെ വിജയത്തിലേക്ക് നയിച്ചു. ഈ പ്രകടനത്തിലൂടെ താരം പ്ലെയര്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ഗില്‍. ഇപ്പോഴിതാ നേതൃഗുണത്തിന്റെ കാര്യത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനും ബ്രയാന്‍ ലാറയ്ക്കും മുകളില്‍ ശുഭ്മാന്‍ ഗില്ലിനെ പ്രതിഷ്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം നവ്ജോത് സിംഗ് സിദ്ദു.

സച്ചിന്‍ ടെണ്ടുല്‍ക്കറിനും ബ്രയാന്‍ ലാറയ്ക്കും ക്യാപ്റ്റന്‍സി സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല, പക്ഷേ നേതൃത്വ ചുമതല ലഭിച്ചിട്ടും ഗില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. വൈസ് ക്യാപ്റ്റനായതിന് ശേഷം അദ്ദേഹത്തിന്റെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്.

പ്രത്യേക ഫോര്‍മാറ്റുകളില്‍ അദ്ദേഹത്തെ ഉപയോഗിക്കുന്നതിനാല്‍ ക്രെഡിറ്റ് സെലക്ടര്‍മാര്‍ക്കും പോകുന്നു. അദ്ദേഹം ടി20 കളിക്കുന്നില്ല, ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹം കഷ്ടപ്പെട്ടു. പക്ഷേ തന്റെ പ്രിയപ്പെട്ട ഫോര്‍മാറ്റിലേക്ക് ഏറ്റവും മികച്ച നിലയിലേക്ക് അവന്‍ തിരിച്ചെത്തി- നവജ്യോത് സിംഗ് സിദ്ദു പറഞ്ഞു.

അടുത്തിടെ ഏകദിനത്തിലെ ഒന്നാം നമ്പര്‍ ബാറ്ററായി ഗില്‍ മാറി. പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ബാബര്‍ അസമിനെയാണ് അദ്ദേഹം മറികടന്നത്.