ഗുജറാത്ത് ടൈറ്റന്‍സിനെതിരായ രാജസ്ഥാന്‍ റോയല്‍സിന്റെ ദയനീയ തോല്‍വിയില്‍ വിമര്‍ശനവുമായി ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. ഇത് അങ്ങേയറ്റം വിരസമായ ഒരു മത്സരമായിരുന്നുവെന്നും നിലവിലെ ചാമ്പ്യന്മാര്‍ രാജസ്ഥാനെ എല്ലാത്തരത്തിലും തകര്‍ത്തുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത് അങ്ങേയറ്റം വിരസമായ മത്സരമായിരുന്നു. രാജസ്ഥാന്‍ എന്താണ് ചെയ്തതെന്ന് മനസിലാക്കാന്‍ കഴിഞ്ഞില്ല. രാജസ്ഥാന്‍ ശരിക്കും തകര്‍ന്നു. ടോസ് നേടി അവര്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു, പക്ഷേ അവര്‍ ബാറ്റ് ചെയ്‌തോ? രാജസ്ഥാന് 118 റണ്‍സ് മാത്രമാണ് നേടാനായത്. സഞ്ജു കുറച്ച് റണ്‍സ് നേടി, പക്ഷേ മത്സരം തികച്ചും ഏകപക്ഷീയമായിരുന്നു. അവര്‍ ബോള്‍ ചെയ്യാന്‍ വന്നപ്പോള്‍, ആദ്യ ആറ് ഓവറില്‍ ഒരു വിക്കറ്റ് പോലും അവര്‍ വീഴ്ത്തിയില്ല- ആകാശ് ചോപ്ര കുറ്റപ്പെടുത്തി.
ആദ്യ ഇന്നിംഗ്സില്‍ അവരുടെ ബാറ്റിംഗ് നിരയെ തകര്‍ത്തത് സ്പിന്‍ ബൗളിംഗ് ആയിരുന്നപ്പോള്‍ എന്തുകൊണ്ടാണ് സഞ്ജു സാംസണ്‍ സ്പിന്നര്‍മാരെ പവര്‍പ്ലേയില്‍ കൊണ്ടുവരാത്തതെന്നും ആകാശ് ചോപ്ര ചോദിച്ചു.
റണ്‍ വേട്ടയ്ക്കിടെ രാജസ്ഥാന് വേണ്ടി യുസ്വേന്ദ്ര ചാഹല്‍ മാത്രമാണ് വിക്കറ്റ് വീഴ്ത്തിയത്. ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനെ അദ്ദേഹം പുറത്താക്കി. എന്നിരുന്നാലും ഫലമുണ്ടായില്ല. ആദ്യ വിക്കറ്റ് വീണതിന് ശേഷം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ ബാറ്റിംഗ് ഗുജറാത്തിനെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ചു.