കഴിഞ്ഞ ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വലിയ തുക മുടക്കി ടീമിലെടുത്ത താരമാണ് വെങ്കിടേഷ് അയ്യര്‍. 23.75 കോടിക്കാണ് ഓള്‍റൗണ്ടര്‍ ബാറ്ററെ കെകെആര്‍ മാനേജ്‌മെന്റ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണുകളില്‍ എല്ലാം മിന്നുംപ്രകടനം പുറത്തെടുത്ത താരം ഈ സീസണില്‍ നിരാശാജനകമായ പ്രകടനമാണ് പുറത്തെടുക്കുന്നത്. പത്ത് മത്സരങ്ങളില്‍ നിന്ന് 142 റണ്‍സാണ് താരം ഈ സീസണില്‍ നേടിയത്. മുന്‍പ് ടോപ് ഓര്‍ഡറില്‍ പ്രധാന ബാറ്ററായി കളിച്ചിരുന്ന വെങ്കിടേഷ് ഇപ്പോള്‍ മധ്യനിരയിലാണ് കൂടുതലായും കളിക്കുന്നത്.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഇന്നത്തെ മത്സരത്തിലും നിരാശജനകമായ പ്രകടനമാണ് വെങ്കിടേഷ് അയ്യര്‍ പുറത്തെടുത്തത്. അഞ്ച് പന്തുകള്‍ മാത്രം നേരിട്ട കൊല്‍ക്കത്ത ബാറ്റര്‍ വെറും ഏഴ് റണ്‍സ് മാത്രമെടുത്താണ് പുറത്തായത്. വിപ്രജ് നിഗത്തിന്റെ കൈകളില്‍ എത്തിച്ച് ഡല്‍ഹി നായകന്‍ അക്‌സര്‍ പട്ടേലാണ് വെങ്കിടേഷിനെ ഇന്ന് മടക്കിയയച്ചത്. ബാറ്റിങ്ങില്‍ ഇന്നും പരാജയപ്പെട്ടതോടെ കൊല്‍ക്കത്ത വൈസ് ക്യാപ്റ്റന്‍ കൂടിയായ അയ്യരിനെതിരെ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍.
Read more
ഐപിഎല്‍ ചരിത്രത്തിലെ ബിഗസ്റ്റ് ഫ്രോഡ് എന്ന് വിളിച്ചാണ് താരത്തെ ആരാധകര്‍ പരിഹസിക്കുന്നത്. കൊടുക്കുന്ന കോടികള്‍ക്കനുസരിച്ചുളള പ്രകടനം താരത്തില്‍ നിന്ന് ഉണ്ടാവാത്തതിലാണ് മിക്കവരും രോഷാകുലരാകുന്നത്. ഉത്തരവാദിത്വത്തോടെ ടീമിനായി കളിക്കേണ്ട താരം മോശം ഷോട്ടുകള്‍ കളിച്ച് പുറത്താവുന്നത് സ്ഥിരമായിരിക്കുന്നു എന്നും ചിലര്‍ കുറ്റപ്പെടുത്തുന്നു. നിലവില്‍ പ്ലേഓഫ് പ്രതീക്ഷകള്‍ സജീവമാക്കണമെങ്കില്‍ ഇനിയുളള എല്ലാ മത്സരങ്ങളിലും കൊല്‍ക്കത്ത ടീമിന് വിജയം അനിവാര്യമാണ്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഇംപാക്ടുളള ഇന്നിങ്‌സുകള്‍ കാഴ്ചവച്ച് ടീമിന് മുതല്‍ക്കൂട്ടാവുന്നുണ്ട്. എന്നാല്‍ മറ്റു താരങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതാണ് കൊല്‍ക്കത്ത ടീമിനെ കാര്യമായി ബാധിക്കുന്നത്.